പാലാ ബിഷപ് ആര്‍എസ്സ്എസ്സിന്റെ ചട്ടുകമാകരുതെന്ന് എസ്ഡിപിഐ

Update: 2021-09-23 13:13 GMT

മലപ്പുറം: ക്രൈസ്തവ-മുസ്‌ലിം സൗഹാര്‍ദ്ദം തകര്‍ത്തു രാജ്യത്തെ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് ആര്‍എസ്എസ്സിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ പാലാ ബിഷപ് ചട്ടുകമാകരുതെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് ഡോക്ടര്‍. സി എച്ച്. അഷ്‌റഫ് പറഞ്ഞു.

മുസ്‌ലിം ക്രിസ്ത്യന്‍ സൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രസ്താവനയുമായി മുന്നോട്ടുപോകുന്ന പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി കുന്നുമ്മല്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുറിവേറ്റ സമൂഹത്തെ സമാധാനിപ്പിക്കുന്നതിനു പകരം അപകടകരമയ ധ്രുവീകരണ പ്രസ്താവന നടത്തിയ പാതിരിയുടെ അരമനകളില്‍ പോയി മന്ത്രിമാര്‍ കുമ്പസരിക്കുന്നത് അപകടകരമായ പ്രവണതയാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് പാതിരിയെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും മന്ത്രിമാരും അടഞ്ഞ അധ്യായം എന്ന് പറഞ്ഞാലും മുറിവേറ്റ സമുദായം ക്ഷമിക്കില്ല. വേട്ടക്കാര്‍ക്കൊപ്പം ആണ് മുഖ്യധാരാ രാഷ്ട്രീയം. മതസൗഹാര്‍ദം തകര്‍ക്കുന്നവരെ കേരള സമൂഹം തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തതൊടി, സൈതാലവി ഹാജി, മുസ്തഫ പാമങ്ങാടന്‍, കൃഷ്ണന്‍ എരഞ്ഞിക്കല്‍, കെ സി. സലാം, മുര്‍ഷിദ് ഷമീം, ഷരീഖാന്‍, കെപിഒ റഹ്മത്തുല്ല, സല്‍മ സാലിഹ്, റൈഹാനത്ത് തുടങ്ങിയവര്‍ സംസാരിച്ചു.  

Tags:    

Similar News