കര്‍ണാടക ബിജെപി ക്യാമ്പില്‍ കലാപക്കൊടി; ബിജെപിക്കെതിരേ പടനയിച്ച് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഡി കെ ശിവകുമാര്‍

Update: 2020-06-05 15:35 GMT

ബംഗളൂരു: രാജ്യസഭ, നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പുകള്‍ അുടത്തുവരുന്നതിനിടയില്‍ ബിജെപി ക്യാമ്പില്‍ കലാപം മൂര്‍ച്ഛിച്ചു. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയോട് പിണങ്ങിനില്‍ക്കുന്ന ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചുകഴിഞ്ഞു. കലാപം ഏത് സമയത്തും പരസ്യമാവാം എന്നാണ് ഇതുവരെ പുറത്തുവന്ന റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബിജെപിയുടെ സംസ്ഥാന നേതൃത്വത്തോട് വിയോജിപ്പുള്ള ഏതാനും നേതാക്കള്‍ തങ്ങളെ സമീപിച്ചതായി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ ചില മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ്സില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷ നല്‍കാനും അത് പാര്‍ട്ടിയുടെ പത്തംഗ കോര്‍ കമ്മിറ്റി പരിഗണിക്കുമെന്നും ശിവകുമാര്‍ വ്യക്തമാക്കി. മുന്‍ സംസ്ഥാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയും ബിജെപി നേതാക്കള്‍ തന്നെ സമീപിച്ച വിവരം പുറത്തുവിട്ടിരുന്നു. അവരോട് അംഗത്വത്തിനു വേണ്ടി അപേക്ഷിക്കാന്‍ സിദ്ധരാമയ്യയും പറഞ്ഞുവെന്നാണ് ബംഗളൂരുവിലെ ഒരു പത്രം റിപോര്‍ട്ട് ചെയ്തത്.

രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഈ ജൂണ്‍ 25നു ശേഷം രാജ്യസഭയില്‍ 4 സീറ്റുകള്‍ ഒഴിവുവരും. ഈ സീറ്റുകള്‍ക്കു വേണ്ടിയുള്ള കടിപിടിയാണ് ഇപ്പോള്‍ നടക്കുന്നത്.

നിലവില്‍ 224 അംഗ കര്‍ണാടക അംബ്ലിയില്‍ ബിജെപിക്ക് 117ഉം കോണ്‍ഗ്രസ്സിന് 68ഉം ജെഡിയുവിന് 34ഉം അംഗങ്ങളുണ്ട്. കൂടാതെ 3 സ്വതന്ത്രരും 2 സീറ്റ് ഒഴിഞ്ഞും കിടക്കുന്നു. ഒരാളെ രാജ്യസഭയിലെത്തിക്കാന്‍ 44 വോട്ട് വേണം. ഇന്നത്തെ സ്ഥിതിയില്‍ ബിജെപിക്ക് 2 പേരെ സുഖമായി രാജ്യസഭയിലെത്തിക്കാം. കോണ്‍ഗ്രസ്സിന് ഒരു സീറ്റും ലഭിക്കും. ജെഡിയുവിനും കോണ്‍ഗ്രസ്സുമായി ചില നീക്കുപോക്കുകള്‍ നടത്തി ബാക്കി സീറ്റും കരസ്ഥമാക്കാം. ഇതാണ് സ്ഥിതി. ഇതോടൊപ്പം കര്‍ണാടകയിലെ ലജിസ്‌ളേറ്റീവ് സീറ്റിലേക്കും തിരഞ്ഞെടുപ്പ് നടന്നേക്കും.

എന്നാല്‍ ബിജെപിയുടെ സീറ്റിന് വേണ്ടി വലിയ കടിപിടിയാണ് നടക്കുന്നത്. മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയാണ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരനായ പ്രഭാകര്‍ കോര്‍, കേന്ദ്ര മന്ത്രിയുടെ ഭാര്യയായ തേജസ്വിനി, 8 തവണ എംഎല്‍എയായ ഉമേഷ് കാത്തിയുടെ സോഹദരന്‍ രമേഷ് കാത്തി തുടങ്ങി ആറില്‍ കൂടുതല്‍ പേര്‍ സീറ്റിനുവേണ്ടി വടംവലി തുടങ്ങിക്കഴിഞ്ഞു.

വടക്കന്‍ കര്‍ണാടകയിലെ പതിനഞ്ചോളം എംഎല്‍എമാര്‍ രാജ്യസഭാ സീറ്റ് മോഹിയും എട്ട് തവണ എംഎല്‍എയുമായിരുന്ന ഉമേഷ് കാത്തിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. തന്റെ സഹോദരനെ രാജ്യസഭയിലെത്തിക്കുകയാണ് ഉമേഷിന്റെ ഉദ്ദേശ്യം. പക്ഷേ, നിലവിലെ രാജ്യസഭ എംപി പ്രഭാകര്‍ കോറിന് വീണ്ടും മല്‍സരിക്കാനാണ് മോഹം. ഉമേഷിനാവട്ടെ കര്‍ണാടകയില്‍ മന്ത്രിപദവിയിലെത്തണമെന്നും ആഗ്രഹമുണ്ട്. ഇവരില്‍ പലരും സിദ്ധരാമയ്യയുമായി ബന്ധപ്പെട്ടുകഴിഞ്ഞുവെന്നും കേള്‍ക്കുന്നുണ്ട്. ഇവര്‍ക്ക് മുഖ്യമന്ത്രി യദ്യൂരപ്പയോട് നീരസമുണ്ടെന്നത് സത്യവുമാണ്.

ഇതിനിടയില്‍ മുന്‍ കോണ്‍ഗ്രസ്-ജെഡിയു സര്‍ക്കാരിനെ വീഴ്ത്തി ബിജെപിയിലേക്ക് പോയവരെ തിരികെയെത്തിക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. രാജ്യസഭാ സീറ്റിനുള്ള കടിപിടി നല്ലൊരു അവസരമായാണ് കോണ്‍ഗ്രസ് കാണുന്നത്. ഡി കെ ശിവകുമാര്‍ ഇതിനായി ഒരു ടീമിനെ തന്നെ സജ്ജമാക്കിയിട്ടുണ്ട്. അതേസമയം എത്ര പേര്‍ക്ക് തിരികെയെത്താന്‍ താല്‍പ്പര്യമുണ്ടാവുമെന്നതില്‍ പാര്‍ട്ടിയില്‍ തന്നെ സംശയങ്ങളുണ്ട്. പോയ നേതാക്കള്‍ ഒരുനാള്‍ പശ്ചാത്തപിക്കുമെന്ന 'ശാഠ്യ'ത്തിലാണ് എച്ച് ഡി കുമാരസ്വാമി. ഇവരെയൊന്നും ബിജെപി മന്ത്രിമാരാക്കില്ലെന്നാണ് അദ്ദേഹം അന്നേ പറഞ്ഞത്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ കോണ്‍ഗ്രസ്സിന്റെ 14 എംഎല്‍എമാരും ജെഡിയുവിന്റെ 3 എംഎല്‍എമാരാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയത്. അതോടെ എച്ച് ഡി കുമാരസ്വാമി സര്‍ക്കാരും വീണു. പുറത്തുപോയവര്‍ പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് സര്‍ക്കാരിന്റെ ഭാഗമാവുകയും ചെയ്തു.  

Similar News