റിപബ്ലിക് ദിന ടാബ്ലോയ്ക്ക് അനുമതി നിഷേധിച്ചതിനെതിരേ പ്രധാനമന്ത്രിക്ക് മമതാ ബാനര്‍ജിയുടെ കത്ത്

Update: 2022-01-16 13:37 GMT

കൊല്‍ക്കത്ത: ഇത്തവണത്തെ റിപബ്ലിക് ദിന ആഘോഷത്തില്‍ അവതരിപ്പിക്കാനുള്ള ബംഗാളിന്റെ ടാബ്ലോക്ക് അനുമതി നിഷേധിച്ചതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തെഴുതി. പ്രത്യേകിച്ച് ഒരു കാരണവും പറയാതെയാണ് ടാബ്ലോക്ക് അനുമതി നിഷേധിച്ചതെന്നത് അമ്പരപ്പിക്കുന്നതാണെന്നും മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു. ജൂറിയുടെ തീരുമാനം തന്നെ മുറിപ്പെടുത്തിയെന്നും അവര്‍ എഴുതി.

നേതാജിയുടെയും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെയും 125ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ടാബ്ലോയാണ് റിപബ്ലിക് ദിനാഘോഷത്തിന്റെ ഇനങ്ങള്‍ പരിശോധിക്കുന്ന ജൂറി തള്ളിയത്. ടാബ്ലോയില്‍ നേതാജിയുടെ ചിത്രത്തിനു പുറമെ വിദ്യാസാഗര്‍, രവീന്ദ്രനാഥ ടാഗോര്‍, വിവേകാനന്ദന്‍, ചിത്തരഞ്ജന്‍ ദാസ്, ശ്രീ അരബിന്ദോ, മാതംഗിനി ഹസ്ര, ബിര്‍സ മുണ്ട, നസ്രുല്‍ ഇസ് ലാം എന്നിവരുടെയും ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. 

കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാടില്‍ ബംഗാളികള്‍ ദുഃഖിതരാണെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ബംഗാള്‍ മുന്നിലുണ്ടായിരുന്നെന്നും വിഭജനത്തിലൂടെ കനത്ത വില നല്‍കിയതും ബംഗാളാണെന്നും മമത തന്റെ കത്തില്‍ എഴുതി.

ഇത് നാലാം തവണയാണ് ബംഗാളിന്റെ ടാബ്ലോക്ക് അനുമതി നിഷേധിക്കുന്നത്. 2015, 2017, 2020 വര്‍ഷങ്ങളില്‍ ബംഗാളിന്റെ അവതണങ്ങള്‍ക്ക് അനുമതി നിഷേധിച്ചിരുന്നു. 

മമതക്ക് മുമ്പ് കോണ്‍ഗ്രസ് ലോക്‌സഭാ വക്താവ് അധിര്‍ രഞ്ജന്‍ ചൗധരിയും ടാബ്ലോക്ക് അനുമതി നല്‍കാത്തതിനെതിരേ പ്രതിഷേധവുമായി പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന് കത്തെഴുതിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ സമാനമായ സംഭവത്തില്‍ കേരളത്തിന്റെ ടാബ്ലോക്കും അനുമതി നിഷേധിച്ചിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ശില്‍പ്പത്തിനു പകരം ശങ്കരാചാര്യരുടെ ശില്‍പ്പം  വയ്ക്കാനായിരുന്നു നിര്‍ദേശം. കേരളം അത് തള്ളിയതിനെത്തുടര്‍ന്നാണ് അനുമതി ലഭിക്കാതിരുന്നത്.

Tags:    

Similar News