പാലക്കാട്ടെ ബലാല്‍സംഗ കൊലപാതകം; യുവതി നേരിട്ടത് ക്രൂര പീഡനം; പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
പാലക്കാട്: പാലക്കാട്ടെ ബലാല്‍സംഗ കൊലപാതകത്തില്‍ യുവതി നേരിട്ടത് ക്രൂര പീഡനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ലൈംഗികാതിക്രമത്തിനിടെ ആന്തരികാവയവങ്ങള്‍ക്ക് വലിയ ക്ഷതമേറ്റിട്ടുണ്ട്. ഇന്നലെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നത്. റിപോര്‍ട്ടില്‍ അതിക്രമത്തിനിടെ വലിയ രീതിയില്‍ ശരീരത്തിനും മുറിവുകള്‍ പറ്റിയിട്ടുണ്ട് എന്ന് കണ്ടെത്തി. ശ്വാസം മുട്ടിയാണ് യുവതി മരിച്ചത്.
ജൂലൈ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അബോധാവസ്ഥയിലായ യുവതിയുമായി സുബ്ബയ്യന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തുകയായിരുന്നു. ബോധമില്ലാതെ വഴിയരികില്‍ കിടക്കുന്നത് കണ്ട് ആശുപത്രിയില്‍ എത്തിച്ചതാണെന്നാണ് സുബ്ബയ്യന്‍ പറഞ്ഞത്. ആശുപത്രിയിലെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തിയതോടെ ഡോക്ടര്‍ വിവരം പോലിസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലിസിന്റെ അന്വേഷണത്തിലാണ് സുബയ്യനാണ് പ്രതിയെന്ന് മനസിലായത്. വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശിയാണ് സുബയ്യന്‍. കസ്റ്റഡിയിലുളള പ്രതിയെ സ്റ്റേഡിയം ബൈപ്പാസ് പരിസരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതി സുബ്ബയ്യന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൂടുതല്‍ ചോദ്യചെയ്യലിനുശേഷം കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപോര്‍ട്ടുകള്‍. യുവതിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണുളളത്. ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.