രാജ്യത്ത് ആസൂത്രിത വോട്ടുവെട്ടല്‍; വോട്ടുകൊളളയുടെ ഞെട്ടിക്കുന്ന കണക്കുകളുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വോട്ട് വെട്ടല്‍ ലക്ഷ്യംവയ്ക്കുന്നത് ന്യൂനപക്ഷങ്ങളെയും ദലിതരെയുമെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. തെളിവുസഹിതം കണക്കുകള്‍ നിരത്തിയാണ് രാഹുല്‍ ഗാന്ധിയുടെ പത്രസമ്മേളനം. തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ അദ്ദേഹം രൂക്ഷവിമര്‍ശനമുന്നയിച്ചു. ജനാധിപത്യത്തെ നശിപ്പിക്കുന്നവരെ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാര്‍ സംരക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മനപ്പൂര്‍വം വോട്ട് വെട്ടല്‍ നടക്കുന്നുവെന്നും കര്‍ണാടകയിലെ ആലന്ദില്‍ ഇല്ലാതാക്കിയത് 6000 വോട്ടുകളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ട് നഷ്ടപ്പെട്ടവരെ കൂടി വേദിയില്‍ കൊണ്ടുവന്നാണ് അദ്ദേഹം തെളിവുകള്‍ നിരത്തിയത്. ഹൈഡ്രജന്‍ ബോംബ് വരുന്നേ ഉള്ളൂ എന്നും ഇനിയും തെളിവുകള്‍ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തികളല്ല, മറിച്ച് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കേന്ദ്രീകൃത രീതിയിലാണ് വോട്ടര്‍മാരെ ഇല്ലാതാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ബൂത്തില്‍നിന്നും വോട്ടുകള്‍ ഇല്ലാതാക്കുന്നതിനായി ഒരു ഓട്ടോമേറ്റഡ് പ്രോഗ്രാം ഓരോ ബൂത്തില്‍നിന്നും പേര് തിരഞ്ഞെടുത്തുവെന്നും, സംസ്ഥാനത്തിന് പുറത്തുനിന്നുള്ള മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് വ്യാജ അപേക്ഷകള്‍ ഫയല്‍ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തെ തകര്‍ക്കുന്ന നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.വോട്ടര്‍മാരുടെ പേര് ഒഴിവാക്കിയതിന്റെ വിശദാംശങ്ങള്‍ നല്‍കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തിന്റെ 'കൊലപാതകികളെ' സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. വോട്ട് വെട്ടലുകളുടെ' വിശദാംശങ്ങള്‍ തിരഞ്ഞടുപ്പ് കമ്മീഷന്‍ ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
കര്‍ണാടകയിലെ ആലന്ദ് മണ്ഡലത്തില്‍ 6,018 വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തതായി കണ്ടെത്തിയെന്ന് പറഞ്ഞ രാഹുല്‍ തെളിവു സഹിതം കണക്കുകള്‍ വ്യക്തമാക്കി. അവിടെ ആരോ 6,018 വോട്ടുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചു. 2023ലെ തിരഞ്ഞെടുപ്പില്‍ ആലന്ദില്‍നിന്ന് ആകെ എത്ര വോട്ടുകള്‍ നീക്കം ചെയ്യപ്പെട്ടു എന്ന് നമുക്കറിയില്ല. ആ സംഖ്യ 6,018ലും വളരെ കൂടുതലാണ്, എന്നാല്‍ 6,018 വോട്ടുകള്‍ നീക്കം ചെയ്യുന്നതിനിടെ ഒരാള്‍ പിടിക്കപ്പെട്ടു, യാദൃച്ഛികമായാണ് അത് പിടിക്കപ്പെട്ടതും. അതായത് സ്വന്തം അമ്മാവന്റെ വോട്ട് പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി ഒരു ബൂത്ത് ലെവല്‍ ഓഫിസര്‍ കണ്ടെത്തിയപ്പോഴാണ് ഈ തട്ടിപ്പ് പുറത്തുവന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
'ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്, മുമ്പ് അങ്ങനെയൊന്നുമല്ലായിരുന്നു. ഇന്ത്യയിലെ ജനങ്ങള്‍ അത് സത്യമാണെന്ന് വിശ്വസിക്കും, കാരണം രാജ്യത്തെ യുവാക്കള്‍ മോഷണം നടക്കുന്നുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞാല്‍, അവരത് സഹിക്കില്ല. തെളിവ് സഹിതം ഞാന്‍ എല്ലാം കാണിക്കും, ഞാന്‍ ഇപ്പോള്‍ അടിത്തറയിടുകയാണ്, ഹൈഡ്രജന്‍ ബോംബില്‍ എല്ലാം കറുപ്പും വെളുപ്പും ആണ്. രാജ്യത്തെ ജനാധിപത്യം നശിപ്പിക്കപ്പെട്ടു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനോടുള്ള ഞങ്ങളുടെ ഉപദേശം, നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യണം, ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം എന്നതാണ്. അല്ലെങ്കില്‍ ഇന്ത്യന്‍ ഭരണഘടനയുടെ കൊലപാതകത്തില്‍ നിങ്ങള്‍ പങ്കാളിയാണെന്ന് രാജ്യത്തിന് വ്യക്തമാകും. യുവാക്കള്‍ നിങ്ങളില്‍ നിന്ന് ഉത്തരം ആവശ്യപ്പെടും'- രാഹുല്‍ ഗാന്ധി പറഞ്ഞു.
ആരാണ് ഇത് ചെയ്യുന്നതെന്ന് ഗ്യാനേഷ് കുമാറിന് അറിയാമോ? ഒരാഴ്ചയ്ക്കുള്ളില്‍ ഉത്തരം ലഭിച്ചില്ലെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യും? നിങ്ങള്‍ കോടതിയെ സമീപിക്കുമോ? എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇത് എന്റെ ജോലിയല്ല, ഇത് രാജ്യത്തെ നിയമ സ്ഥാപനങ്ങളുടെ ജോലിയാണ്. ഞാന്‍ നിങ്ങള്‍ക്ക് തെളിവ് നല്‍കുന്നു, നിങ്ങള്‍ ഇതില്‍ നടപടിയെടുക്കേണ്ടിവരും. ഇന്ത്യയില്‍ വോട്ടുകള്‍ മോഷ്ടിക്കപ്പെടുന്നു. ഇന്ത്യയിലെ യുവാക്കള്‍ക്ക് സത്യം കാണിക്കുക എന്നതാണ് എന്റെ ജോലിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചുവെന്നാണ് റിപോര്‍ട്ടുകള്‍.

