തന്നെ തോല്‍പ്പിച്ചത് 'രാജ്യദ്രോഹി'കളും കുപ്രചരണക്കാരുമെന്ന് ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി രഘുബര്‍ ദാസ്

തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച ബിജെപിക്ക് 81 അംഗ മന്ത്രിസഭയില്‍ 25 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതൃത്വം നല്‍കിയ മുന്നണി 47 സീറ്റും നേടി.

Update: 2019-12-25 16:01 GMT

റാഞ്ചി: തന്റെ തോല്‍വിക്കു പിന്നില്‍ രാജ്യദ്രോഹികളും കുപ്രചരണക്കാരുമെന്ന്് ആരോപിച്ച് ബിജെപി നേതാവും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ രഘുബര്‍ ദാസ്. കഴിഞ്ഞ ദിവസം നടന്ന ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ രഘുബര്‍ ദാസിന്റെ നേതൃത്വത്തില്‍ മത്സരിച്ച ബിജെപിക്ക് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്.

തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച ബിജെപിക്ക് 81 അംഗ മന്ത്രിസഭയില്‍ 25 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതൃത്വം നല്‍കിയ മുന്നണി 47 സീറ്റും നേടി.

''ജയ്ചന്ദ് എല്ലായിടത്തുമുണ്ട്.'' - പ്രിഥ്വിരാജ് ചൗഹാന്‍ രാജാവിനെ ചതിയില്‍ പെടുത്തി തോല്‍പ്പിച്ച ജയ്ചന്ദിനോടാണ് രഘുബര്‍ ദാസ് പ്രതിപക്ഷത്തെ ഉപമിച്ചത്. ഏതാനും ജയ്ചന്ദ്മാരുടെ പ്രവര്‍ത്തനം മൂലമാണ് പാര്‍ട്ടി പരാജയപ്പെട്ടത്. ചില സമയങ്ങള്‍ ഗൂഢാലോചനക്കാര്‍ വിജയിക്കും. പക്ഷേ, അത്തരം ഗൂഢാലോചനകളിലൂടെ ഉണ്ടാകുന്ന വിജയം അധികം നീണ്ടുനില്‍ക്കുകയില്ല. താഴെ തലത്തില്‍ നിന്ന് സമരം ചെയ്ത് വളര്‍ന്ന് വന്ന ആളാണ് താന്‍, അതാണെന്റെ കരുത്തും രഘുബര്‍ ദാസ് പറഞ്ഞു.

പാര്‍ട്ടിയിലെ ചിലര്‍ തനിക്കെതിരേ കുപ്രചരണം നടത്തിയെന്നും താന്‍ ക്ഷിപ്രകോപിയാണെന്ന് പ്രചരിപ്പിച്ചുവെന്നും രഘുബര്‍ ദാസ് ആരോപിച്ചു. താന്‍ ഛത്തിസ്ഗഡ്കാരനാണെന്നാണ് അവര്‍ പറയുന്നത്. താന്റെ മൂലകുടുംബം അവിടെയാണെന്നത് ശരിതന്നെ, പക്ഷേ, ജനിച്ചത് ഇവിടെയാണ് അദ്ദേഹം അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പകരം പലരും തന്റെ കുടുംബത്തെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രഘുബര്‍ ദാസിന്് അദ്ദേഹത്തിന്റെ സ്വന്തം നിയോജകമണ്ഡലത്തില്‍ തന്നെ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. മുന്‍ ബിജെപി നേതാവായ സൂര്യ റോയിയാണ് ഇവിടെ രഘുബര്‍ ദാസിനെ തോല്‍പിച്ചത്.


Tags:    

Similar News