വനനിയമം ബിജെപിക്ക് ജാര്‍ഖണ്ഡില്‍ നഷ്ടപ്പെടുത്തിയത് 12 സീറ്റുകളെന്ന് പഠനം

വനനിയമം നടപ്പാക്കാത്തതിലെ കാലതാമസത്തില്‍ ആദിവാസികളടക്കമുള്ള തദ്ദേശ ജനത അതൃപ്തരാണെന്നും 81 അംഗ നിയമസഭയില്‍ 62 എണ്ണത്തിലും ഇതൊരു നിര്‍ണായക ഘടകമാണെന്നും നേരത്തെ റിപോര്‍ട്ട് ഉണ്ടായിരുന്നു.

Update: 2019-12-30 16:30 GMT

റാഞ്ചി: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡില്‍ ബിജെപിക്ക് 12 ആദിവാസി ഭൂരിപക്ഷ നിയോജകമണ്ഡലങ്ങള്‍ നഷ്ടപ്പെട്ടതിനു പിന്നില്‍ വനനിയമമെന്ന് പഠനം. 2014 നിയമസഭ തിരഞ്ഞെടുപ്പില്‍ 37 സീറ്റുകള്‍ നേടിയിടത്ത് ഇത്തവണ 25 സീറ്റുകളാണ് ബിജെപി നേടിയത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 28 ആദിവാസി ഭൂരിപക്ഷ സീറ്റുകളില്‍ 11 എണ്ണമാണ് ബിജെപിക്ക് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 2 ആയി മാറി. തുഷാര്‍ ദാഷ്, സുസ്മിത വെര്‍മ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. കമ്യൂണിറ്റി ഫോറസ്റ്റ് റിസോഴ്‌സ്-ലേണിങ് ആന്റ് അഡ്വക്കസിയെന്ന സര്‍ക്കാരിതര സംഘടനയ്ക്ക് വേണ്ടിയാണ് ഇവര്‍ പഠനം നടത്തിയത്.

വനനിയമം നടപ്പാക്കാത്തതിലെ കാലതാമസത്തില്‍ ആദിവാസികളടക്കമുള്ള തദ്ദേശ ജനത അതൃപ്തരാണെന്നും 81 അംഗ നിയമസഭയില്‍ 62 എണ്ണത്തിലും ഇതൊരു നിര്‍ണായക ഘടകമാണെന്നും നേരത്തെ റിപോര്‍ട്ട് ഉണ്ടായിരുന്നു.

ഇത്തവണത്തെ ഫലം പുറത്തുവന്നപ്പോള്‍ ബിജെപി നേടിയത് 2014 നെക്കാള്‍ 32.43 ശതമാനം സീറ്റ് കുറവാണ്. ഭരണകക്ഷിയായ ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങിയവവരാകട്ടെ 2014 നേക്കാള്‍ 88 ശതമാനം അധികം സീറ്റും നേടി.

വനനിയമവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളാണ് ജെഎംഎമ്മിനു ലഭിച്ച വമ്പിച്ച പിന്തുണയ്ക്കു പിന്നിലെന്നാണ് കണ്ടെത്തല്‍. കാരണം വനനിയമപ്രശ്‌നം നിര്‍ണായകമായ സീറ്റുകളിലാണ് ജെഎംഎം പൊതുവില്‍ നേടിയത്.

വനനിയമത്തിലെ ഭേദഗതിയും ആദിവാസി ജനതയെ ആവാസവ്യവസ്ഥയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങളും വനഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതും ബിജെപി സര്‍ക്കാരിനെതിരേ ആദിവാസികള്‍ തിരിയാന്‍ കാരണമായി. വനനിയമം ശരിയായ രീതിയില്‍ നടപ്പാക്കാത്തതായിരുന്നു ജെഎംഎം തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ഉയര്‍ത്തിയ പ്രധാന പ്രശ്‌നം.

2006 ലെ വന നിയമം ജാര്‍ഖണ്ഡിലെ 38 ലക്ഷം ജനതയുടെ ഭാഗദേയം നിര്‍ണയിക്കുന്നതായിരുന്നു. അതില്‍ വലിയ ശതമാനത്തോളം ആദിവാസികളും ദലിതരും ഉള്‍പ്പെടും. ഇവരാകട്ടെ ജാര്‍ഖണ്ഡിലെ 52 ശതമാനം വരുന്ന 73 ലക്ഷം വോട്ടര്‍മാരാണ്. എസ് സി /എസ് ടി യില്‍ തന്നെ 75 ശതമാനവും ആദിവാസികളാണ്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതിരുന്നതായിരുന്നു ബിജെപിയുടെ പരാജയത്തിനു പിന്നില്‍.

വനനിയമം ഏറ്റവും അധികം ബാധിക്കുന്നതും ഉയര്‍ന്ന തോതില്‍ ബാധിക്കുന്നതുമായ 7 സീറ്റുകളാണ് ജെഎംഎം നേടിയത്. 6 എണ്ണം കോണ്‍ഗ്രസ്സും നേടി. ബിജെപിക്ക് 6 എണ്ണം നഷ്ടപ്പെട്ടു.

വനനിയമം നിര്‍ണായകമായതിന്റെ വ്യത്യസ്ത തോതുകളെ ഗവേഷകര്‍ മൂന്നായാണ് തിരിച്ചത്, നിര്‍ണായകം, ഉയര്‍ന്നത്, നല്ലത്(ശരാശരി). 81 നിയോജകമണ്ഡലത്തിലെ 62 സീറ്റുകള്‍ ഈ മൂന്നു വിഭാഗത്തിലൊന്നിലെങ്കിലും പെടുന്നതാണ്. ഇതില്‍ ബിജെപി 2014, ല്‍ 26 എണ്ണം നേടിയെങ്കില്‍ ഇത്തവണ 14 ആണ് നേടിയത്. ജെഎംഎം ആകട്ടെ 2014 ല്‍ 19 നേടിയിടത്ത് ഇത്തവണ 31 എണ്ണം നേടി. കഴിഞ്ഞ തവണ 3 നേടിയ കോണ്‍ഗ്ര്‌സ് ഇത്തവണ 10 എണ്ണം കരസ്ഥമാക്കി. 

Tags:    

Similar News