ജാര്‍ഖണ്ഡ് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് സമാധാനപൂര്‍ണം; 62.87 ശതമാനം പോളിങ്

ഡിസംബര്‍ 7, 12, 16, 20 തിയ്യതികളിലാണ് അടുത്ത ഘട്ടം തിരഞ്ഞെടുപ്പുകള്‍ നടക്കുക. ഡിസംബര്‍ 23 ന് ഫലപ്രഖ്യാപനം അവസാനിക്കും.

Update: 2019-11-30 13:27 GMT

ജാര്‍ഖണ്ഡ് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് സമാധാനപൂര്‍ണം; 62.87 ശതമാനം പോളിങ്

റാഞ്ചി: ജാര്‍ഖണ്ഡിലെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ 62.87 ശതമാനം പോളിങ്. ഒറ്റപ്പെട്ട അക്രമസംഭവങ്ങളൊഴിച്ചാല്‍ വോട്ടെടുപ്പ് സമാധാനപൂര്‍ണമായിരുന്നു.

ഒന്നാം ഘട്ടത്തില്‍ 13 നിയോജകമണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഛത്ര, ഗുമ്‌ല, ബിഷുന്‍പൂര്‍, ലൊഹാര്‍ഡഗ, മാനിക, ലെത്തെഹര്‍, പങ്കി, ഡാല്‍ട്ടൊന്‍ഗഞ്ജ്, ബിഷ്‌റംപൂര്‍, ഛത്താര്‍പൂര്‍, ഹുസൈനാബാദ്, ഗര്‍ഹ്‌വ, ഭവനാത്പൂര്‍ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.

വോട്ടെടുപ്പ് പൊതുവില്‍ സമാധാനപരമായിരുന്നെന്ന് അഡിഷ്ണല്‍ ഡിജിപി മുരാരി ലാല്‍ മീന പറഞ്ഞു. ഗുമ്‌ലയില്‍ വനപ്രദേശത്ത് മാവോവാദികള്‍ ഒരു ബോംബ് സ്‌ഫോടനം നടത്തിയെന്ന് അഡി. ഡിജിപി പറഞ്ഞു. സ്‌ഫോടനത്തില്‍ വലിയ നാശനഷ്ടങ്ങളൊന്നുമില്ല.

കോഷിയാരയിലും ഹുസൈനബാദിലും ചില അക്രമസംഭവങ്ങള്‍ നടന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ എന്‍ ത്രിപാഠി ജനങ്ങള്‍ക്കു നേരെ തോക്ക് ചൂണ്ടിയെന്നാണ് പരാതി. ബൂത്ത് പിടിക്കാനെത്തിയവര്‍ക്കെതിരേ സ്വയരക്ഷക്കാണ് തോക്ക് ചൂണ്ടിയതെന്ന് പിന്നീട് പറഞ്ഞു. പോളിങ് ബൂത്തില്‍ തോക്ക് കൊണ്ടുപോയ ത്രിപാഠി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ബിജെപി ആരോപിച്ചു.

ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍ 189 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. അതില്‍ 15 പേര്‍ സ്ത്രീകളാണ്. ഭവനാത്പൂര്‍ മണ്ഡലത്തിലാണ് കൂടുതല്‍ പേര്‍ മത്സരരംഗത്തുള്ളത്, 28 പേര്‍. 13 നിയോജകമണ്ഡലങ്ങളിലേക്കായി 4892 പോളിങ് സ്‌റ്റേഷനുകളും 1262 വെബ് കാസ്റ്റിങ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ്് ഓഫിസര്‍ വിനയ് കുമാര്‍ ചൗബെ പറഞ്ഞു.

സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ 3 മണിവരെ മാത്രമേ പോളിങ് ഉണ്ടായിരുന്നുള്ളു. മഞ്ഞുകാലമായതിനാല്‍ ഈ മാസങ്ങളില്‍ ദിവസത്തിന്റെ നീളം വളരെ കുറവാണ്.

മൊത്തം പോളിങ് സ്‌റ്റേഷനുകളില്‍ 1097 എണ്ണം നക്‌സല്‍ ബാധിത പ്രദേശങ്ങളിലാണ്.

ഡിസംബര്‍ 7, 12, 16, 20 തിയ്യതികളിലാണ് അടുത്ത ഘട്ടം തിരഞ്ഞെടുപ്പുകള്‍ നടക്കുക. ഡിസംബര്‍ 23 ന് ഫലപ്രഖ്യാപനം അവസാനിക്കും. 

Tags:    

Similar News