പരസ്യ മദ്യപാനം ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം

Update: 2019-01-19 11:38 GMT
കോതമംഗലം: പരസ്യ മദ്യപാനം ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. പ്രദേശവാസിയുടെ വീടിന്റെയും കാറിന്റെയും ചില്ലുകള്‍ അക്രമിസംഘം എറിഞ്ഞു തകര്‍ത്തു. മൂന്ന് പേരെ കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തു. വിമല്‍, അമല്‍ ജിത്ത്, സച്ചു എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേര്‍ ഒളിവിലാണ്. കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് സംഭവം. കോതമംഗലം, ആയക്കാട്, പുലിമല കനാല്‍പ്പാലത്തിനു സമീപം ആറംഗ സംഘം ഇരുന്ന് മദ്യപിക്കുകയും ബഹളംവയ്ക്കുകയും ചെയ്തത് പ്രദേശവാസികള്‍ ചോദ്യം ചെയ്തിരുന്നു. നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് പിരിഞ്ഞു പോയ മദ്യപസംഘം അരമണിക്കൂറിനു ശേഷം തിരികെ വരുകയും നാട്ടുകാരുടെ നേരെ ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. ആക്രമണത്തില്‍ ഇടപ്പുളവന്‍ ജോസിന്റെ വീടിന്റെ ജനല്‍ചില്ലുകളും പോര്‍ച്ചില്‍ കിടന്നിരുന്ന ആഡംബരക്കാറിന്റെ പുറകിലെ ഗ്ലാസും തകരുകയായിരുന്നു. ജോസ്, ഷൈനി, അമല്‍ എന്നിവര്‍ക്ക് കല്ലേറിലും വടികൊണ്ടുള്ള ആക്രമണത്തിലും പരിക്കേറ്റു. മദ്യലഹരിയിലായിരുന്ന യുവാക്കളുടെ സംഘം പ്രദേശത്ത് ഭയാനകാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു. സ്വകാര്യ വ്യക്തികളുടെ സ്വത്ത് നശിപ്പിക്കുന്നതിനെതിരേ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമ പ്രകാരമുള്ള വകുപ്പും പ്രതികള്‍ക്കെതിരേ ചുമത്തിയാണ് കോതമംഗലം പോലിസ് കേസെടുത്തിരിക്കുന്നത്.




Tags:    

Similar News