അന്യായ പോലിസ് റെയ്ഡിനെതിരേ പ്രതിഷേധം ശക്തമാക്കും: എസ്ഡിപിഐ

ആര്‍എസ്എസിനെ പ്രീണിപ്പിക്കാന്‍ നിരവധി എസ്ഡിപിഐ പ്രവര്‍ത്തകരെ അകാരണമായി കേസില്‍ പ്രതി ചേര്‍ത്തിരിക്കുകയാണ്.

Update: 2021-04-27 08:05 GMT

ആലപ്പുഴ: വയലാര്‍ സംഘര്‍ഷത്തിന്റെ പേരില്‍ അരൂര്‍, ചേര്‍ത്തല മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുടെ വീടുകളില്‍ പോലിസ് നടത്തുന്ന അന്യായ റെയ്ഡിനെതിരേ പ്രതിഷേധം ശക്തമാക്കുമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി കെ റിയാസ് പറഞ്ഞു. നോമ്പ് തുറ സമയങ്ങളില്‍ പോലും വലിയ സംഘമായി വന്ന് വീട്ടിലേക്ക് അതിക്രമിച്ചു കയറി ഭര്‍ത്താവിനെയും മക്കളെയും കേസില്‍ കുടുക്കുമെന്നാണ് ചേര്‍ത്തല പോലിസ് സ്ത്രീകളോട് ഭീഷണി മുഴക്കുന്നത്. ആര്‍എസ്എസിനെ പ്രീണിപ്പിക്കാന്‍ നിരവധി എസ്ഡിപിഐ പ്രവര്‍ത്തകരെ അകാരണമായി കേസില്‍ പ്രതി ചേര്‍ത്തിരിക്കുകയാണ്.

പാര്‍ട്ടിയുടെ ജാഥയിലേക്ക് ആയുധങ്ങളുമായി അതിക്രമിച്ചു കയറിയത് പോലിസിന്റെ സാന്നിദ്ധ്യത്തിലാണ്. അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലിസിന്റെ പക്കല്‍ ഉണ്ടായിട്ടും സംഘര്‍ഷം ഉണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയ ആര്‍എസ്എസ് നേതാക്കളെയോ അതില്‍ പങ്കാളികളായ പ്രവര്‍ത്തകരെയോ ഇത് വരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൊലപാതകത്തെ തുടര്‍ന്ന് നടന്ന ഹര്‍ത്താലില്‍ ന്യൂനപക്ഷ സ്ഥാപനങ്ങളും വീടുകളും തിരഞ്ഞു പിടിച്ച് തകര്‍ത്ത സംഘപരിവാര്‍ ക്രിമിനലുകള്‍ യാതൊരു വിധ നിയമനടപടിയും നേരിടേണ്ടി വന്നിട്ടില്ല എന്നത് പോലിസ് -ആര്‍എസ്എസ് ബാന്ധവത്തെ ശരിവെക്കുന്നതാണ്. നിയമത്തെ ദുരുപയോഗം ചെയ്ത് കൊണ്ട് ഏകപക്ഷീയമായി എസ്ഡ്പിഐക്കെതിരേ നടത്തുന്ന അതിക്രമങ്ങള്‍ക്ക് പോലിസ് കനത്തവില നല്‍കേണ്ടി വരും.

എസ്ഡിപിഐ പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ച പോലിസിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. പോലിസ് ഈ നിലപാട് തന്നെയാണ് തുടരുന്നതെങ്കില്‍ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പടെ സംഘടിപ്പിക്കുമെന്നും ജില്ലയില്‍ വ്യാപകമായി ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News