പ്രിയാ വര്‍ഗീസിന് യോഗ്യതയില്ലെന്ന് യുജിസി ഹൈക്കോടതിയില്‍; നിയമനത്തിനുള്ള സ്റ്റേ ഒക്ടോബര്‍ 20 വരെ നീട്ടി

Update: 2022-09-30 11:26 GMT

കൊച്ചി: അധ്യാപക നിയമനക്കേസില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന് വീണ്ടും തിരിച്ചടി. പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനത്തിന് യോഗ്യതയില്ലെന്ന് യുജിസി സത്യവാങ്മൂലം നല്‍കി. പ്രിയാ വര്‍ഗീസിന്റെ നിയമനത്തിനുള്ള സ്റ്റേ ഒക്ടോബര്‍ 20 വരെ നീട്ടി. സ്റ്റുഡന്റ്‌സ് സര്‍വീസ് ഡയറക്ടര്‍ തസ്തിക അധ്യാപനവുമായോ ഗവേഷണവുമായോ ബന്ധപ്പെട്ടതാണെങ്കില്‍ മാത്രമേ അധ്യാപന പരിചയമായി കണക്കാക്കാനാകൂ എന്ന് സത്യവാങ്മൂലത്തില്‍ യുജിസി വ്യക്തമാക്കി.

പ്രിയാ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയ ഉത്തരവിനെതിരേ രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്ബി കോളജ് അധ്യാപകന്‍ ഡോ: ജോസഫ് സ്‌കറിയ നല്‍കിയ ഹരജിയിലാണ് യുജിസി സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. പ്രിയാ വര്‍ഗീസിന്റെ നിയമനത്തിനുള്ള സ്‌റ്റേ ഹൈക്കോടതി നീട്ടി. സര്‍വകലാശാലാ ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവും പ്രകാരം സ്റ്റുഡന്റ്‌സ് സര്‍വീസ് ഡയറക്ടര്‍ തസ്തിക അനധ്യാപക വിഭാഗമാണ്. ഗവേഷണകാലവും സ്റ്റുഡന്റ്‌സ് സര്‍വീസ് ഡയറക്ടര്‍ കാലയളവും ഒഴിവായാല്‍, എട്ടുവര്‍ഷത്തെ അധ്യാപന പരിചയത്തിന് പകരം ഹരജിയില്‍ പരാതിക്കാരന്‍ ഉന്നയിച്ചിട്ടുള്ള മൂന്നര വര്‍ഷത്തെ അധ്യാപന പരിചയം മാത്രമാണ് പ്രിയാ വര്‍ഗീസിനുള്ളത്.

യുജിസിക്ക് വേണ്ടി ഡല്‍ഹിയിലെ യുജിസി എജ്യുക്കേഷന്‍ ഓഫിസറാണ് സത്യവാങ്മൂലം നല്‍കിയത്. തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാലാ അസോസിയേറ്റ് പ്രഫസറായി പ്രിയാ വര്‍ഗീസിന്റെ നിയമനത്തിനുള്ള സ്റ്റേ ഉത്തരവ് ഒക്ടോബര്‍ 20 വരെ ദീര്‍ഘിപ്പിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഉത്തരവിട്ടത്. എതിര്‍സത്യവാങ്മൂലം നല്‍കാന്‍ പ്രിയാ വര്‍ഗീസിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്.

കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രഫസര്‍ റാങ്ക് പട്ടികയില്‍നിന്നുള്ള നിയമനം ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. പ്രിയാ വര്‍ഗീസിന്റെ നിയമനം നേരത്തെ ഗവര്‍ണര്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഒന്നാം റാങ്ക് ലഭിച്ച പ്രിയാ വര്‍ഗീസിനെ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നും റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്ബി കോളജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയയാണ് കോടതിയെ സമീപിച്ചത്.

Tags: