പോലിസ് ആക്ട് ഭേദഗതി ഓര്‍ഡിനന്‍സ്: മാധ്യമങ്ങളെയും ഉള്‍പ്പെടുത്താനുള്ള നീക്കം ദൗര്‍ഭാഗ്യകരം- കെയുഡബ്ല്യുജെ

അപകീര്‍ത്തി കേസുകളില്‍നിന്നു വ്യത്യസ്തമായി, ഏതൊരാള്‍ക്കും പരാതി കൊടുക്കാമെന്നും അല്ലെങ്കില്‍ പോലിസ് ഉദ്യോഗസ്ഥന് സ്വമേധയാ കേസെടുക്കാമെന്നുമുള്ള വ്യവസ്ഥകള്‍ ഏതു വാര്‍ത്തയുടെ പേരിലും മാധ്യമ പ്രവര്‍ത്തകര്‍ കേരളത്തിലെ ഏതു പോലിസ് സ്‌റ്റേഷനിലും ക്രിമിനല്‍ കേസ് പ്രതിയാകാനുള്ള സാഹചര്യമാണു സൃഷ്ടിക്കുന്നത്. വാര്‍ത്തകള്‍ക്കു പോലിസ് കൂച്ചുവിലങ്ങിടുന്ന ഈ അവസ്ഥ ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ല.

Update: 2020-10-26 10:48 GMT

തിരുവനന്തപുരം: സൈബര്‍ അതിക്രമങ്ങള്‍ തടയുന്നതിന് പോലിസ് ആക്ട് ഭേദഗതി ചെയ്തുകൊണ്ടുവരുന്ന ഓര്‍ഡിനന്‍സ് പരിധിയില്‍ മാധ്യമങ്ങളെയും ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡബ്ല്യുജെ). അധികാരികള്‍ക്ക് ഹിതകരമല്ലാത്ത എന്തിനെയും ക്രിമിനല്‍ കുറ്റമായി ചിത്രീകരിച്ചു നടപടിയെടുക്കാനുള്ള വ്യവസ്ഥകള്‍ ബോധപൂര്‍വമോ അല്ലാതെയോ ഈ ഭേദഗതിയില്‍ ഉള്‍പ്പെടുന്നതായി മനസ്സിലാക്കുന്നു.

അപകീര്‍ത്തി കേസുകളില്‍നിന്നു വ്യത്യസ്തമായി, ഏതൊരാള്‍ക്കും പരാതി കൊടുക്കാമെന്നും അല്ലെങ്കില്‍ പോലിസ് ഉദ്യോഗസ്ഥന് സ്വമേധയാ കേസെടുക്കാമെന്നുമുള്ള വ്യവസ്ഥകള്‍ ഏതു വാര്‍ത്തയുടെ പേരിലും മാധ്യമ പ്രവര്‍ത്തകര്‍ കേരളത്തിലെ ഏതു പോലിസ് സ്‌റ്റേഷനിലും ക്രിമിനല്‍ കേസ് പ്രതിയാകാനുള്ള സാഹചര്യമാണു സൃഷ്ടിക്കുന്നത്. വാര്‍ത്തകള്‍ക്കു പോലിസ് കൂച്ചുവിലങ്ങിടുന്ന ഈ അവസ്ഥ ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ല.

ഏതു സുസ്ഥിര ജനാധിപത്യ വ്യവസ്ഥയുടെയും അടിസ്ഥാനം ശക്തമായ മാധ്യമങ്ങളായിരിക്കെ പോലിസ് അതിന് തടയിടുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമായേ കാണാനാവൂ. മാധ്യമങ്ങള്‍ക്കു മൂക്കുകയര്‍ ഇടാനുള്ള അധികാരം പോലിസിനെ ഏല്‍പ്പിച്ചാല്‍ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ വളരെ വലുതുമാണ്. ആയതിനാല്‍ ഈ നിയമ ഭേദഗതിയുടെ പരിധിയില്‍നിന്ന് മാധ്യമങ്ങളെ ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെയുഡബ്ല്യുജെ പ്രസിഡന്റ് കെ പി റജി, ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷ് മുഖ്യമന്ത്രിയോടും സര്‍ക്കാറിനോടും അഭ്യര്‍ഥിച്ചു.

Tags:    

Similar News