എന്‍എസ്എസ്സിനെ കടന്നാക്രമിച്ച് സര്‍ക്കാരും സിപിഎമ്മും; സുകുമാരന്‍നായരുടെ പ്രസ്താവന കലാപകാരികളെ സംരക്ഷിക്കുന്നത്

സുകുമാരന്‍നായരുടെ വാക്കുകള്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുപോലെയാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് കുറ്റപ്പെടുത്തി. ഇത് തന്നെ അത്ഭുതപ്പെടുത്തി. വിശ്വാസം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Update: 2019-01-06 08:46 GMT

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം നടത്തിയ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് മറുപടിയുമായി മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ഇ പി ജയരാജനും. എന്‍എസ്എസ്സിന്റെ നിലപാട് കലാപകാരികളെ സംരക്ഷിക്കുന്നതാണെന്ന് ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചു. സുകുമാരന്‍നായരുടെ വാക്കുകള്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുപോലെയാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് കുറ്റപ്പെടുത്തി. ഇത് തന്നെ അത്ഭുതപ്പെടുത്തി. വിശ്വാസം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വലിയ നവോത്ഥാനപാരമ്പര്യമുള്ള പ്രസ്ഥാനമാണ് എന്‍എസ്എസ്. മതത്തിന്റെ പേരുപറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുകയും അരാജകത്വമുണ്ടാക്കുകയും ഭൂരിപക്ഷ വര്‍ഗീയതയെ പ്രോല്‍സാഹിപ്പിച്ച് അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന കക്ഷിയാണ് ബിജെപിയും ആര്‍എസ്എസ്സും. അവരെ പിന്തുണക്കുന്ന സമീപനം എന്‍എസ്എസ് സ്വീകരിക്കാന്‍ പാടില്ലെന്നും കടകംപള്ളി ചൂണ്ടിക്കാട്ടി. അബദ്ധങ്ങളില്‍നിന്ന് അബദ്ധങ്ങളിലേക്കാണ് എന്‍എസ്എസ് പോവുന്നതെന്ന് മന്ത്രി ഇ പി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരേ എന്‍എസ്എസ് നടത്തിയ പ്രസ്താവന നിലവാരമില്ലാത്തതാണ്. സമാധാനം പുനസ്ഥാപിക്കാന്‍ സിപിഎം പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍, ആര്‍എസ്എസ് ഇതിനു തുരങ്കംവയ്ക്കുന്നു. ദണ്ഡും വടിയും വാളുമെടുത്ത് ഇവര്‍ ഉറഞ്ഞുതുള്ളുന്നത് എന്തിനാണ്. സാമൂഹിക പരിഷ്‌കരണത്തെയും നാടിന്റെ വികസനത്തെയും തടയാനുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലുള്ളതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഗീയത പ്രചരിപ്പിക്കുന്ന ബിജെപിയെ സഹായിക്കാനാണ് എന്‍എസ്എസ് ശ്രമിക്കുന്നതെന്നും സുപ്രിംകോടതിയിലുണ്ടായ വിധി മാറ്റാന്‍ നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് പകരം തെരുവിലിറങ്ങി സര്‍ക്കാരിനെതിരേ കലാപം നടത്തുന്നതിന് പ്രോല്‍സാഹിപ്പിക്കരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി. രണ്ടാം വിമോചനസമരം നടത്തണമെന്ന ഹിന്ദു ഐക്യവേദിയുടെ ആഹ്വാനത്തെ സഹായിക്കാനാണ് എല്ലാ മതവിശ്വാസികളും സംഘടനകളും സര്‍ക്കാരിനെതിരേ പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇത് ആര്‍എസ്എസ്സുകാര്‍ നടത്തിവരുന്ന കലാപശ്രമങ്ങള്‍ക്ക് ഉത്തേജനം നല്‍കാനുള്ള ഉദ്ദേശത്തോടെയുള്ളതാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ശബരിമലയുടെ പേരില്‍ വിശ്വാസികളും അവിശ്വാസികളുമെന്ന തരത്തില്‍ വേര്‍തിരിവുണ്ടാക്കാനുള്ള ശ്രമമാണ് എന്‍എസ്എസ് നടത്തുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആരോപിച്ചു.


Tags:    

Similar News