ഓണ്‍ലൈന്‍ സൗകര്യമില്ല: ഝാര്‍ഖണ്ഡിലെ സ്‌കൂളില്‍ മൈക്കും സ്പീക്കറും മതി

ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ 246 കുട്ടികളുള്ള സ്‌കൂളില്‍ 204 പേര്‍ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തവരാണ്.

Update: 2020-06-30 04:31 GMT

ദുംക (ഝാര്‍ഖണ്ഡ്): ഝാര്‍ഖണ്ഡിലെ ദുംക ജില്ലയിലെ ബങ്കതി ഗ്രാമത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ഫോണും നെറ്റുമില്ലാത്തത് മറികടക്കാന്‍ ഗ്രാമത്തിലുടനീളം സ്പീക്കറുകള്‍ സ്ഥാപിച്ചു. ബങ്കതി ഗ്രാമസ്‌കൂളിലെ പ്രധാനാധ്യാപകന്‍ ശ്യാം കിഷോര്‍ സിംഗ് ഗാന്ധിയാണ് തന്റെ 200ലധികം വിദ്യാര്‍ത്ഥികള്‍ക്ക് പലയിടങ്ങളിലായി സ്പീക്കര്‍ സ്ഥാപിച്ച് മൈക്കിലൂടെ ക്ലാസെടുക്കുന്നത്. ഇതിനായി ബങ്കതി ഗ്രാമത്തിലുടനീളം അദ്ദേഹവും സഹപ്രവര്‍ത്തകരും നിരവധി ഉച്ചഭാഷിണികള്‍ സ്ഥാപിച്ചു. ഇത്തരത്തില്‍ ഏപ്രില്‍ 16 മുതല്‍ എല്ലാ ദിവസവും രണ്ട് മണിക്കൂര്‍ വീതം വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നടക്കുന്നുണ്ട്.

വിവിധ സ്ഥലങ്ങളില്‍ മരങ്ങളിലും ചുവരുകളിലും സ്ഥാപിച്ച ഉച്ചഭാഷിണിക്ക് സമീപം സാമൂഹിക അകലം പാലിച്ച് ഇരുന്നാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത്. ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ 246 കുട്ടികളുള്ള സ്‌കൂളില്‍ 204 പേര്‍ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തവരാണ്. അതോടെ സ്‌കൂളിലെ മൊത്തം അധ്യയനം മുടങ്ങുമെന്ന അവസ്ഥ വന്നതോടെയാണ് മൈക്കും സ്പീക്കറും സംഘടിപ്പിച്ച് എല്ലാവര്‍ക്കും കേള്‍ക്കാവുന്ന വിധത്തില്‍ ക്ലാസ് തുടങ്ങാന്‍ തീരുമാനിച്ചതെന്ന് ശ്യാം കിഷോര്‍ സിംഗ് ഗാന്ധി പറയുന്നു. ക്ലാസുകള്‍ എല്ലാ ദിവസവും രാവിലെ 10 മണിക്ക് ആരംഭിക്കും.' വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിലോ എന്തെങ്കിലും ചോദ്യം ചോദിക്കാനുണ്ടെങ്കിലോ ആരുടെ മൊബൈല്‍ ഫോണില്‍ നിന്നും അവരുടെ ചോദ്യങ്ങള്‍ എനിക്ക് അയയ്ക്കാന്‍ കഴിയും, അടുത്ത ദിവസം ഞങ്ങള്‍ അത് വിശദീകരിക്കും, 'അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂളിലെ പുതിയ അധ്യയന രീതി ഫലപ്രദമാണെന്ന് ദുംക ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പുനം കുമാരി പറഞ്ഞു. സ്പീക്കറിലൂടെ ഗ്രാമത്തിലൂടനീളം കേള്‍ക്കുന്ന പാഠഭാഗങ്ങള്‍ തങ്ങളും ശ്രദ്ധിക്കുന്നുണ്ടെന്നും അസ്വദിക്കുകയാണെന്നുമാണ് ഗ്രാമത്തിലെ മുതിര്‍ന്നവര്‍ പറയുന്നത്.

no online facility: Jharkhand school need only mic and speakers

Tags:    

Similar News