കൊവിഡ് 19: ഇന്ത്യ സാമൂഹിക വ്യാപന ഘട്ടത്തിലെന്ന റിപോര്‍ട്ടുകള്‍ തള്ളി കേന്ദ്ര ആരോഗ്യമന്ത്രി

രോഗത്തിന്റെ ഉത്ഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് രോഗം സ്വാഭാവികമായി വന്നുചേര്‍ന്നതാണെന്നും ലാബറട്ടറികളില്‍ നിന്ന് ചോര്‍ന്നുപോയതല്ലെന്നും മന്ത്രി പറഞ്ഞു.

Update: 2020-03-20 07:35 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇതുവരെയും കൊറോണ സാമൂഹിക വ്യാപനഘട്ടത്തിലെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. ആരൊക്കെയാണ് കൊറോണ ടെസ്റ്റ് നടത്തേണ്ടതെന്നതിന് നിശ്ചത പ്രോട്ടോകോള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു.

രാജ്യത്തെ ആരോഗ്യവിദഗ്ധര്‍ കൊറോണയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടത്തുന്നുണ്ടെന്നും ആവശ്യമായ സന്ദര്‍ഭത്തില്‍ വിദേശത്തുള്ള വിദഗ്ധരുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ പ്രോട്ടോകോള്‍ അനുസരിച്ച് വിദേശത്തുനിന്ന് വന്നവരും രോഗലക്ഷണമുള്ളവരുമാണ് പരിശോധനയ്ക്ക് വിധേയരാവേണ്ടത്. അവരുടെ യാത്രാ ചരിത്രവും പരിശോധിക്കും. രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കാണ് പകരുന്നത്, സമൂഹത്തില്‍നിന്നല്ല. സാമൂഹിക വ്യാപനം നടന്നോ എന്നതിനെ കുറിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പഠനം നടത്തുന്നുണ്ട്. ഇന്ത്യ ഇപ്പോള്‍ എന്തു ചെയ്യുന്നതും ആരോഗ്യവിദഗ്ധരുടെ ഉപദേശപ്രകാരമാണെന്നും മന്ത്രി പറഞ്ഞു.

രോഗത്തിന്റെ ഉത്ഭവത്തെ കുറിച്ചുള്ള മനീഷ് തിവാരുടെയു ചോദ്യത്തിന് രോഗം സ്വാഭാവികമായി വന്നുചേര്‍ന്നതാണെന്നും ലാബറട്ടറികളില്‍ നിന്ന് ചോര്‍ന്നുപോയതല്ലെന്നും മന്ത്രി പറഞ്ഞു. സാമൂഹിക മാധ്യമങ്ങൡ പലതും പ്രചരിക്കുന്നുണ്ട്. അതില്‍ പലതും വസ്തുതാപരമല്ല. ഉത്ഭവകാരണങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ചൈന വുഹാനില്‍ ലോകാരോഗ്യ സംഘടനയ്ക്ക് പ്രവേശനം നിഷേധിക്കുന്നുവെന്ന തിവാരിയുടെ ചോദ്യത്തിന് നാമിപ്പോള്‍ നമ്മുടെ രാജ്യത്തെ കുറിച്ചാണ് ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

എന്നാല്‍ രോഗം സാമൂഹിക വ്യാപന ഘട്ടത്തിലാണെന്ന സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അമേരിക്കയിലെ ആരോഗ്യവിദഗ്ധരും ഇക്കാര്യത്തില്‍ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടുകള്‍ തള്ളുന്നു.


Tags:    

Similar News