ആഗസ്റ്റ് 5 മുതല്‍ ജമ്മു കശ്മീരില്‍ പോലിസ് വെടിവെപ്പില്‍ ഒരാള്‍ പോലും മരിച്ചിട്ടില്ലെന്ന് അമിത് ഷാ

ആഗസ്റ്റ് 5 ന് കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 പിന്‍വലിച്ചതിനു ശേഷം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്.

Update: 2019-11-21 02:03 GMT

ന്യൂഡല്‍ഹി: കശ്മീരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണെന്നും വളരെ വ്യത്യസ്തമായ കാര്യങ്ങളാണ് പുറത്ത് പ്രചരിക്കപ്പെടുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആഗസ്റ്റ് 5 നു ശേഷം ഒരു സാധാരണക്കാരന്‍ പോലും വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടില്ല. കശ്മീര്‍ സാധാരണ നിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അമിത് ഷാ പറഞ്ഞു.

കശ്മീരില്‍ ഇനിയും ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചിട്ടില്ലെന്ന കാര്യം അമിത് ഷാ അംഗീകരിച്ചു. പ്രാദേശിക ഭരണകൂടം പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങളെ കുറിച്ച് നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്റര്‍നെറ്റ് പുനസ്ഥാപിക്കുക. പുതിയ കാലത്ത് ഇന്റര്‍നെറ്റ് പ്രധാനമാണ്. അതില്ലാതെ കഴിഞ്ഞുകൂടാനാവില്ല. അത് പുനസ്ഥാപിക്കുക തന്നെ വേണം. പക്ഷേ, കശ്മീരിലെ ജനങ്ങളുടെ സുരക്ഷയും ദേശീയ സുരക്ഷയുടെയും പ്രശ്‌നം വരുമ്പോള്‍ ചില മുന്‍ഗണനകള്‍ വെക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഇന്റര്‍നെറ്റ് പുനസ്ഥാപിക്കാന്‍ വൈകുന്നതെന്നും അമിത് ഷാ രാജ്യസഭയെ അറിയിച്ചു.

സംസ്ഥാനത്ത് മുഴുവനുമായി 144 പ്രഖ്യാപിച്ചുവെന്ന വാദത്തെ അമിത് ഷാ നിരാകരിച്ചു. ചിലയിടങ്ങളില്‍ മാത്രമേ 144 നിലനില്‍ക്കുന്നുള്ളൂ. അതും രാത്രി 8 നും രാവിലെ ആറിനും ഇടയില്‍. സ്‌കൂളുകളും ആശുപത്രികളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായും അമിത് ഷാ അവകാശപ്പെട്ടു.

താഴ്‌വരയിലെ കല്ലേറ് ആഗസ്റ്റ് 5 നു ശേഷം കുറഞ്ഞുവെന്ന് മന്ത്രി അവകാശപ്പെട്ടു. ആഗസ്റ്റ് 370 പിന്‍വലിച്ചതിനു ശേഷം 554 കല്ലേറുകളേ നടന്നിട്ടുള്ളു. എന്നാല്‍ കഴിഞ്ഞവര്‍ഷം ഇത് 802 ആയിരുന്നുവെന്നാണ് ആഭ്യന്തര മന്ത്രി പറയുന്നത്.

ആഗസ്റ്റ് 5 ന് കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 പിന്‍വലിച്ചതിനു ശേഷം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്. മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ പലരും തടവിലാണ്. കണ്‍വെന്‍ഷന്‍ സെന്ററുകള്‍ അടക്കം താല്‍ക്കാലിക ജയിലുകളാക്കി മാറ്റി. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അവിടെ നടക്കുന്നത്. പത്രങ്ങള്‍ പലതും പൂട്ടിക്കഴിഞ്ഞു. 

Tags:    

Similar News