തൃശൂര്‍: സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ ജില്ലയിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരം ലഹരി വിരുദ്ധ ആശയം ഉള്‍ക്കൊള്ളുന്നതായിരിക്കണം. ഒന്നാം സമ്മാനമായി 25,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും, രണ്ടാം സമ്മാനമായി 15,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും, മൂന്നാം സമ്മാനമായി 10,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും നല്‍കും. ഇതിന് പുറമെ മികച്ച സ്‌ക്രിപ്റ്റിന് 10,000 രൂപയും മികച്ച സംവിധായകന് 10,000 രൂപയും വീതം നല്‍കും.
നാലു മിനിറ്റ് മുതല്‍ എട്ട് മിനിറ്റ് വരെ ദൈര്‍ഘ്യം ഉള്ളതായിരിക്കണം ഷോര്‍ട്ട് ഫിലിം.
വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ഷോര്‍ട്ട് ഫിലിം തയ്യാറാക്കേണ്ടത്. അധ്യാപകരുടെ സഹായവും ഇതിനായി തേടാവുന്നതാണ്. ക്യാമറയിലോ മൊബൈല്‍ഫോണില്‍ ഷോര്‍ട്ട് ഫിലിം ചിത്രീകരിക്കാവുന്നതാണ്.
മത്സരാര്‍ത്ഥികള്‍ ഷോര്‍ട്ട് ഫിലിം തയ്യാറാക്കി പൂര്‍ണ്ണമായ മേല്‍വിലാസം, പഠിക്കുന്ന സ്‌കൂള്‍/ കോളേജ്, ക്ലാസ്, ഇമെയില്‍, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി സ്‌കൂള്‍/കോളേജ് അധികാരിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തി vimukthiexcise@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണെന്ന് വിമുക്തി കോ ഓര്‍ഡിനേറ്റര്‍ കെ കെ രാജു അറിയിച്ചു. ജനുവരി 31നാണ് ഷോര്‍ട്ട് ഫിലിം അയക്കേണ്ട അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് 04872361237, 9446025417 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
