വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം നീട്ടി; പുതിയ തിയ്യതി മാര്‍ച്ച് ഒന്നിന്

Update: 2026-02-23 16:45 GMT

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് ഉദ്ഘാടനം മാര്‍ച്ച് 1ലേക്ക് നീട്ടി. ഫെബ്രുവരി 25നാണ് ഉദ്ഘാടനം നടത്തി വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഉദ്ഘാടനം അവധി ദിനത്തിലാക്കണമെന്ന പൊതു അഭിപ്രായം മാനിച്ചാണ് ഞായറാഴ്ചയിലേക്ക് മാറ്റിയതെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുന്‍പേ ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

178 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വീട് നല്‍കുക. പട്ടയ വിതരണവും ഉദ്ഘാടനച്ചടങ്ങില്‍ നടക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27നാണ് മുഖ്യമന്ത്രി പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയത്. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ അഞ്ച് സോണുകളിലായി 410 വീടുകളാണ് നിര്‍മിക്കുക. ഒന്നാമത്തെ സോണില്‍ 115 വീടുകളാണ് നിര്‍മിക്കുന്നത്.