'കാര്‍ വാങ്ങിയപ്പോള്‍ പോണ്ടിച്ചേരിക്കാരന്‍, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൃശൂര്‍ക്കാരനായി, സുരേഷ്‌ഗോപിയ്ക്ക് തിരഞ്ഞെടുപ്പ് കുട്ടിക്കളി'; ജോസഫ് ടാജറ്റ്
തൃശൂര്‍: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി എംപിക്ക് തിരഞ്ഞെടുപ്പ് കുട്ടികളിയാണെന്ന് തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. സുരേഷ്ഗോപി പലസ്ഥലങ്ങളിലായി വോട്ടു ചേര്‍ക്കുന്നതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ അന്തസ് കാത്ത് സൂക്ഷിക്കാത്ത നടപടിയാണ് സുരേഷ് ഗോപിയുടേതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. കാര്‍ വാങ്ങിയപ്പോള്‍ സുരേഷ് ഗോപി പോണ്ടിച്ചേരിക്കാരനായിരുന്നു, ലോക്‌സഭയില്‍ മല്‍സരിച്ചപ്പോള്‍ തൃശൂര്‍ക്കാരനായി തദ്ദേശ തിരഞ്ഞെടുപ്പില്‍ വീണ്ടും തിരുവനന്തപുരത്തുകാരനായി, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഗുരുവായൂര്‍കാരനായി. തൃശൂരിലെ ജനങ്ങളെ എംപി നിരന്തരമായി നാണം കെടുത്തുകയാണെന്നും ബിജെപി അദ്ദേഹത്തെ തിരുത്താന്‍ തയ്യാറാകണമെന്നും ജോസഫ് ടാജറ്റ് പ്രതികരിച്ചു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലേക്ക് വോട്ട് മാറ്റിയ സുരേഷ് ഗോപി തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് തിരുവനന്തപുരത്തായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുരേഷ് ഗോപി വോട്ട് ഗുരുവായൂര്‍ മണ്ഡലത്തിലേക്ക് മാറ്റി. ഫോം 8 പ്രകാരം അപേക്ഷ നല്‍കിയാണ് വോട്ടുമാറ്റം. ഗുരുവായൂരിലെ സുരേഷ് ഗോപിയുടെ ഫ്‌ലാറ്റിന്റെ അഡ്രസ്സാണ് ഇതിനായി നല്‍കിയിരിക്കുന്നത്. ഇത് വിവാദത്തിന് കാരണമായിട്ടുണ്ട്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും കുടുംബവും തൃശൂര്‍ കോര്‍പ്പറേഷനിലെ നെട്ടിശ്ശേരിയില്‍ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് വോട്ട് ചേര്‍ത്തതും ചെയ്തതും. ഇപ്പോള്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അദ്ദേഹവും കുടുംബവും വോട്ട് ചെയ്തത് തിരുവനന്തപുരം കോര്‍പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലുമായിരുന്നു. എസ്‌ഐആറിന് ശേഷമുള്ള വോട്ടര്‍ പട്ടിക പുറത്ത് വന്നപ്പോള്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സുരേഷ് ഗോപിക്ക് വോട്ടുള്ളത്. 697ാം നമ്പര്‍ വോട്ടറായാണ് ചേര്‍ത്തിരിക്കുന്നത്. ക്ഷേത്രത്തോട് ചേര്‍ന്ന അച്യുതം ഫ്‌ലാറ്റിലാണ് വോട്ട് ചേര്‍ത്തത്. ഗുരുവായൂരിലെ ആദ്യത്തെ ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ ഒന്നാണ് അച്യുതം. സുരേഷ് ഗോപിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫ്‌ലാറ്റ്.
