മാള: കോളജ് വിദ്യാർത്ഥിനിയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി കോണത്തുകുന്ന് ചിരട്ടകുന്ന് ചാലങ്ങാത്ത് തിലകൻ സുനിത ദമ്പതികളുടെ രണ്ടാമത്തെ മകൾ ആതിര (18) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിനിയാണ്. വീടിൻ്റെ മുകളിലത്തെ റൂമിൽ ഓൺ ലൈനായി പഠിക്കുന്നതിനിടെ ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ താഴത്തേക്ക് വന്ന് വീട്ടുകാരോട് ബാത്ത് റൂമിലേക്ക് പോകുകയാണെന്ന് പറഞ്ഞ് കാണാതാവുകയായിരുന്നു. അമ്മ മകളെ കാണാത്തതിനെ തുടർന്ന് പറമ്പിൽ അന്വേഷിക്കുന്നതിനിടെ വീടിൻ്റെ പിൻഭാഗത്തുള്ള ഉപയോഗ ശൂന്യമായ കിണറിൻ്റെ വല മാറി കിടക്കുന്നത് കാണുകയായിരുന്നു. പിന്നീട് പരിസര വാസികളെ വിളിച്ച് കിണറിൽ പരിശോധന നടത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുടയിൽ നിന്നും അഗ്നി ശമന സേനയും പോലീസും എത്തി അഗ്നി ശമന സേന മൃതദേഹം കരക്കെടുത്തു. ലീഡിംഗ് ഫയർമാൻമാരായ റോയ് തോമസ്, എം കെ മോഹനൻ, പി ആർ മഹേഷ്, ജീതിൻരാജ്, വിജോഷ് അരുൺരാജ്, മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൃതദേഹം കരക്ക് കയറ്റിയത്. മനോജാണ് കിണറ്റിൽ ഇറങ്ങിയത്. ഇരിങ്ങാലക്കുട എസ് ഐ ഷിബിലിൻ്റെ നേതൃത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇന്ന് (വ്യാഴം) തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്ക്കരിക്കും. സഹോദരി അശ്വനി. അച്ഛൻ തിലകൻ ഗൾഫിലാണ്. മരണ കാരണം വ്യക്തമായിട്ടില്ല.