ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ സൗകര്യങ്ങള്‍ വിലയിരുത്തി ജില്ലാ കലക്ടര്‍

Update: 2021-11-21 00:57 GMT

തൃശൂര്‍: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചേലക്കര, വടക്കാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ സന്ദര്‍ശിച്ചു.

റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ ജില്ലാതല സമിതി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ സ്‌കൂളുകളിലെ സൗകര്യങ്ങള്‍ വിലയിരുത്തുകയും ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, കുട്ടികള്‍ എന്നിവരുമായി സംവദിക്കുകയും ചെയ്തു.

മോഡല്‍ റെസിഡന്‍ഷ്യല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചേലക്കരയില്‍ 5 മുതല്‍ 10 വരെ ക്ലാസുകളിലായി വിവിധ ജില്ലകളില്‍ നിന്നുള്ള 84 ആണ്‍ കുട്ടികളാണ് താമസിച്ച് പഠിക്കുന്നത്. 2011-2012 വര്‍ഷത്തില്‍ അധ്യയനം ആരംഭിച്ച ഇവിടെ ഇതുവരെ എല്ലാ എസ്എസ്എല്‍സി ബാച്ചുകളിലും 100 ശതമാനം വിജയം നേടിയിട്ടുണ്ട്. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ 15 വിദ്യാര്‍ത്ഥികളില്‍ 7പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച സന്തോഷം സീനിയര്‍ സൂപ്രണ്ടന്റ് സജില്‍ കുമാര്‍ കലക്ടറെ അറിയിച്ചു.

സ്‌കൂളിന്റെ ആവശ്യങ്ങള്‍ ഹെഡ്മാസ്റ്റര്‍ സജിയും സീനിയര്‍ സൂപ്രണ്ടന്റും കലക്ടറെ അറിയിച്ചു. ഉടന്‍ തന്നെ കമ്പ്യൂട്ടര്‍ ലാബ് സജ്ജമാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. കുട്ടികളുടെ സംശയങ്ങള്‍ ദുരീകരിച്ച കലക്ടര്‍ അവരുടെ രസകരമായ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. ആദ്യമായി കലക്ടറെ കണ്ട ആവേശത്തിലായിരുന്ന കുട്ടികള്‍ക്ക് അവരുടെ കളിസ്ഥലം എന്ന ആവശ്യം നിറവേറ്റുമെന്ന ഉറപ്പു നല്‍കിയാണ് കലക്ടര്‍ യാത്ര പറഞ്ഞത്.

വടക്കാഞ്ചേരി ഗവ മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ 5 മുതല്‍ പ്ലസ്ടു വരെ ക്ലാസുകളിലായി 163 ആണ്‍കുട്ടികളാണ് താമസിച്ച് പഠിക്കുന്നത്. കുട്ടികളുടെ താമസസ്ഥലം, കമ്പ്യൂട്ടര്‍ ലാബ്, ഭക്ഷണ സ്ഥലം, അടുക്കള എന്നിവയെല്ലാം സന്ദര്‍ശിച്ച കലക്ടര്‍ ഉദ്യോഗസ്ഥരും അധ്യാപകരുമായി ചര്‍ച്ച നടത്തി. സ്‌കൂള്‍ സൂപ്രണ്ട് ജയപ്രകാശ്, പ്രിന്‍സിപ്പല്‍ ഗോപി സി എന്നിവര്‍ സ്‌കൂളിനെക്കുറിച്ച് വിശദീകരിച്ചു.

Similar News