അധികാരവും സമ്പത്തും അടിസ്ഥാന വിഭാഗങ്ങളിലെത്തണം: മന്ത്രി കെ രാധാകൃഷ്ണന്‍

Update: 2021-11-20 14:37 GMT

തൃശൂര്‍: അധികാരത്തിന്റെയും സമ്പത്തിന്റെയും വികേന്ദ്രീകരണത്തിലൂടെ മാത്രമേ വിഭവവിതരണം നീതിപൂര്‍വ്വമാകൂ എന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. തൃശൂര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പട്ടികജാതി ക്ഷേമ പദ്ധതികളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും പരിഗണനയും പരിരക്ഷയും ലഭിക്കേണ്ട പട്ടികജാതി വിഭാഗത്തെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്തുണ നല്‍കികൊണ്ട് പൊതുധാരയിലേക്ക് ഉയര്‍ത്തുക എന്നതാണ് വികേന്ദ്രീകൃതാസൂത്രണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ക്രിയാത്മകമായ നിരവധി പദ്ധതികള്‍ പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പരിപാടിയുടെ ഭാഗമായി 116 വയോജനങ്ങള്‍ക്ക് കട്ടില്‍, പൂര്‍ത്തീകരിച്ച പഠനമുറികളുടെ താക്കോല്‍ദാനം, ഉന്നത വിദ്യാഭ്യാസം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ എന്നീ ചടങ്ങുകളും നടന്നു.

കൂര്‍ക്കാഞ്ചേരി സാമൂഹിക പഠനകേന്ദ്രത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗ്ഗീസ് അധ്യക്ഷനായി.

ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലി ജയിംസ്, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ വി പ്രബിത, പട്ടികജാതി ക്ഷേമ വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീലാല്‍ ശ്രീധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Similar News