കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയുടെ ബിരുദ ദാന ചടങ്ങ് 5 ന്

Update: 2021-10-01 16:57 GMT

തൃശൂര്‍: കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയുടെ പതിനാലാമത് ബിരുദദാനചടങ്ങ് 5 ന് രാവിലെ 11ന് സര്‍വ്വകലാശാലാ സെനറ്റ് ഹാളില്‍ നടക്കും. ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ബിരുദദാന പ്രസംഗം നിര്‍വ്വഹിക്കും.

ആരോഗ്യ വനിതാശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് മുഖ്യാതിഥിയാകും. സര്‍വ്വകലാശാലയുടെ ആദ്യത്തെ ഡോക്ടര്‍ ഓഫ് സയന്‍സ് ഓണററി ബിരുദം തമിഴ്‌നാട്ടിലെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം മേധാവി പ്രഫ.പോള്‍ സ്വാമിദാസ് സുധാകര്‍ റസ്സലിന് ഗവര്‍ണര്‍ നല്‍കും. തുടര്‍ന്ന് ഡിഗ്രി ഡിപ്ലോമ പരീക്ഷകളുടെ ബിരുദദാനവും നിര്‍വ്വഹിക്കും.

സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ മേഖലയിലെ കോളേജുകളില്‍ നിന്ന് മെഡിസിന്‍, ഡെന്റല്‍ സയന്‍സ് ആയുര്‍വ്വേദ, ഹോമിയോപ്പതി, സിദ്ധ, നഴ്‌സിങ് ഫാര്‍മസി അലൈഡ് ഹെല്‍ത്ത് സയന്‍സസ് വിഭാഗങ്ങളില്‍ ആകെ 14,229 വിദ്യാര്‍ത്ഥികള്‍ക്കാണ് ബിരുദദാന ചടങ്ങില്‍ ബിരുദം കണ്‍ഫര്‍ ചെയ്യുന്നത്. ഇവരില്‍ ബിരുദാനന്തര ബിരുദം, ബിരുദാനന്തര ഡിപ്ലോമ, മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി നേടിയവര്‍ 2217 പേരാണ്.

സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ.മോഹനന്‍ കുന്നുമ്മല്‍,

പ്രൊ വൈസ് ചാന്‍സലര്‍ പ്രഫ.ഡോ. സി.പി.വിജയന്‍, രജിസ്ട്രാര്‍ പ്രഫ. ഡോ. ഏ.കെ. മനോജ് കുമാര്‍ പരീക്ഷാ കണ്‍ട്രോളര്‍ പ്രഫ. ഡോ.എസ്.അനില്‍ കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ കെ.പി. രാജേഷ്, സര്‍വ്വകലാശാലാ ഡീന്‍മാര്‍, വിവിധ ഫാക്കല്‍റ്റി ഡീന്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Similar News