ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഓഫീസ് അനാച്ഛാദനം ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) ഇന്നു മുതല്‍ സെന്‍ട്രല്‍ വിസ്റ്റയിലെ പുതിയ കെട്ടിടത്തിലേക്കു മാറും. 'സേവാ തീര്‍ഥ്' എന്നാണ് പുതിയ ഓഫീസിന്റെ പേര്. സൗത്ത് ബ്ലോക്കിലെ നിലവിലെ ഓഫീസില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് മാറുന്നതിനോടൊപ്പം സമുച്ചയത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. സ്വാതന്ത്ര്യം നേടിയതു മുതല്‍ സൗത്ത് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസാണ് സേവാ തീര്‍ഥ് എന്ന പുതിയ മന്ദിരത്തിലേക്കു മാറ്റുന്നത്. ഉച്ചയ്ക്ക് 1.30നു പ്രധാനമന്ത്രി നരേന്ദ്ര മോദി പേര് അനാഛാദനം ചെയ്തു.
സെന്‍ട്രല്‍ വിസ്തയുടെ ഭാഗമായി പണികഴിപ്പിച്ചതാണ് പുതിയ ഓഫീസ് സമുച്ചയം. വൈകുന്നേരം ആറിനാണ് സേവാ തീര്‍ഥും വിവിധ മന്ത്രാലയങ്ങളുടെ ഓഫിസുകള്‍ ഉള്‍ക്കൊള്ളുന്ന കര്‍ത്തവ്യ ഭവന്‍ 1, 2 കെട്ടിടങ്ങളുടേയും ഉദ്ഘാടനം. സേവാ തീര്‍ത്ഥ് ഒന്നിലാണ് പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫീസും കാബിനറ്റ് സെക്രട്ടേറിയറ്റും ഇതേ മന്ദിരത്തില്‍ തന്നെയായിരിക്കും പ്രവര്‍ത്തിക്കുക. ഉന്നതതല ചര്‍ച്ചകള്‍ നടത്തുന്നതിനും വിശിഷ്ടാതിഥികളെ സ്വീകരിക്കാനുമുള്ള സ്ഥലമായിരിക്കും ഇന്ത്യാ ഹൗസ്. ധനം, പ്രതിരോധം, ആരോഗ്യം, കോര്‍പറേറ്റ്, വിദ്യാഭ്യാസം, സാംസ്‌കാരികം, നിയമം, വാര്‍ത്താ വിതരണം പ്രക്ഷേപണം, കൃഷി, രാസവസ്തു-വളം, ഗോത്രകാര്യം തുടങ്ങിയ മന്ത്രാലയങ്ങളാണ് കര്‍ത്തവ്യ ഭവന്‍ 1, 2 കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുക.
മാറ്റത്തിന് മുന്നോടിയായി സൗത്ത് ബ്ലോക്കില്‍ ചേരുന്ന അവസാന കാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇതിന് ശേഷമായിരിക്കും മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയോടൊപ്പം പുതിയ ഓഫീസിലേക്ക് പ്രവേശിക്കുക. സെന്‍ട്രല്‍ വിസ്ത എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ് ഓഫീസുകളുടെയെല്ലാം നവീകരണം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ്. അതിന്റെ ഭാഗമായാണ് പ്രധാനപ്പെട്ട മന്ത്രാലയങ്ങളുടെ കെട്ടിടങ്ങള്‍ മാറുന്നത്. 9 കെട്ടിട സമുച്ചയങ്ങള്‍ ഉള്‍പ്പെടുന്ന സെന്‍ട്രല്‍ സെക്രട്ടേറിയറ്റില്‍ ആദ്യം പൂര്‍ത്തിയായ കര്‍ത്തവ്യ ഭവന്‍ 3 കഴിഞ്ഞ ആഗസ്റ്റിലാണു തുറന്നത്. ആഭ്യന്തരം, വിദേശകാര്യം, ഗ്രാമവികസനം, പെട്രോളിയംപ്രകൃതിവാതകം എന്നീ മന്ത്രാലയങ്ങളാണ് ഇതിലുള്ളത്.

