തലപ്പാടി അതിര്‍ത്തിയില്‍ കൊവിഡിന് പുറമേ നിപ പരിശോധനയും; ലക്ഷണമുള്ളവരെ തിരിച്ചയക്കുമെന്ന് പോലിസ്
മംഗളുരു: കേരളത്തില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുമായി കര്‍ണാടക. ഇതിന്റെ ഭാഗമായി തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക പ്രത്യേക പരിശോധനയും ആരംഭിച്ചു. നേരത്തെ തന്നെ അതിര്‍ത്തിയില്‍ കൊവിഡ് പരിശോധന നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് നിപ പരിശോധനയും കൂടി നടക്കുന്നത്.
നിപ വൈറസ് ബാധയുണ്ടോയെന്ന് കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തെര്‍മല്‍ സ്‌കാനിംഗ് ആണ് സ്ഥാപിച്ചിട്ടുള്ളത്. കൊവിഡ് നെഗറ്റീവ് റിപോര്‍ട്ട് ഉണ്ടെങ്കിലും നിപ വൈറസിന്റെ ലക്ഷണങ്ങളുള്ളവരെ തിരിച്ചയക്കുമെന്ന് എസിപി രഞ്ജിത് ബന്ദാരു പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കുന്നതിനും പ്രത്യേകിച്ച് കേരളത്തോട് ചേര്‍ന്നുള്ള അതിര്‍ത്തി ജില്ലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നതിനുമായി കര്‍ണാടക ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രടറി ജാവേദ് അക്തര്‍ പ്രത്യേക ഉത്തരവിറക്കിയിരുന്നു. വവ്വാലുകള്‍ വൈറസ് വാഹകരായതിനാല്‍ കേരളത്തില്‍ നിന്ന് കൊണ്ടുപോകുന്ന പഴങ്ങളില്‍ ഭരണകൂടത്തിന് ആശങ്കയുള്ളതായും റിപോര്‍ട്ടുകളുണ്ട്.