കഞ്ചിക്കോട് ഐഐടി വിദ്യാര്‍ഥിനിയെ ആക്രമിച്ച അഞ്ജാതനെ കണ്ടുപിടിക്കാന്‍ പ്രത്യേക അന്വേഷണ സംഘം

Update: 2026-02-25 09:10 GMT

പാലക്കാട്: കഞ്ചിക്കോട് ഐഐടിയില്‍ വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായ ആക്രമണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. സേലം സ്വദേശിനിയായ വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായ ആക്രമണമാണ് കസബ പോലിസ് ഇന്‍സ്‌പെക്ടര്‍ എം സുജിത്തിനെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുക.

സംഘം ഇന്നലെ കോയമ്പത്തൂരിലെത്തി വിദ്യാര്‍ഥിനിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ആക്രമണം ആസൂത്രിതമെന്നാണ് പോലിസ് നിഗമനം. ക്യാമ്പസില്‍ സിസിടിവി ഇല്ലാത്ത സ്ഥലത്തേയ്ക്ക് വിദ്യാര്‍ഥിനി എത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. ക്യാംപസിന് പുറത്തുനിന്നുള്ളവര്‍ ആക്രമണം നടത്താന്‍ സാധ്യത കുറവാണെന്നാണ് അന്വേഷണസംഘം കരുതുന്നത്. അതിനാല്‍ ഉള്ളില്‍ നിന്നുതന്നെയുള്ള ആരെങ്കിലും ആയിരിക്കാം ആക്രമിച്ചത് എന്നും പോലിസ് കരുതുന്നു.

നെറ്റിയിലും കണ്ണിന് മുകളിലുമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കി.അതേസമയം, ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐഐടി ക്യാംപസില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കൂടുതല്‍ സിസിടിവി ക്യാമറകള്‍ക്ക് സ്ഥാപിച്ചതിന് പുറമെ, ക്യാംപസില്‍ സുരക്ഷാ പട്രോളിങ്ങും ആരംഭിച്ചു.

ഫെബ്രുവരി 23 രാത്രിയാണ് കഞ്ചിക്കോട്ടെ ഐഐടിയില്‍ വിദ്യാര്‍ഥിനിക്ക് നേരെ ആക്രമണമുണ്ടായത്.ഡാറ്റ സയന്‍സ് എന്‍ജിനീയറിങ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയായ സേലം സ്വദേശിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നു പോകുന്നതിനിടെ ഒരാള്‍ യുവതിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. അജ്ഞാതനായ ഒരാളാണ് ആക്രമിച്ചത് എന്നാണ് പോലിസിന് ലഭിച്ച മൊഴി. സുഹൃത്തുക്കള്‍ക്ക് പിന്നാലെയായിരുന്നു യുവതി നടന്നിരുന്നത്. ഇതിനിടെ അജ്ഞാതന്‍ ആയുധം കൊണ്ട് യുവതിയെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.