ഐസിപിയുടെ പേരില്‍ ജന്മനാട് സ്മാരക പുരസ്‌കാരം നല്‍കുന്നു

Update: 2021-09-08 13:25 GMT

ചെര്‍പ്പുളശ്ശേരി: ചളവറ ഗ്രാമപ്പഞ്ചായത്തിന്റെ ദീര്‍ഘകാല പ്രസിഡന്റായിരുന്ന ഐ സി പി നമ്പൂതിരിയുടെ പേരില്‍ ജന്മനാടായ ചളവറ ഗ്രാമപ്പഞ്ചായത്ത് 2021-22 വര്‍ഷം മുതല്‍ സംസ്ഥാന തലത്തില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തില്‍ നേതൃത്വം നല്‍കുകയും, കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ നേതൃപരമായ പങ്കുവഹിക്കുകയും, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല മുഖപത്രമായ പ്രഭാതത്തിന്റെ പ്രിന്റര്‍ ആന്റ് പബ്ലിഷറുമായിരുന്നു അദ്ദേഹം. ഓരോ വര്‍ഷവും ഒരു മേഖലക്ക് പ്രാധാന്യം നല്‍കി തൊട്ട് മുമ്പുള്ള 3 വര്‍ഷത്തെ പ്രവര്‍ത്തക മികവിനെ വിലയിരുത്തി ആ മേഖലയിലെ പ്രമുഖനായ ഒരു വ്യക്തി അല്ലങ്കില്‍ കൂട്ടായ്മക്കാണ് പുരസ്‌കാരം നല്‍കാന്‍ ഭരണ സമിതി തീരുമാനമെടുത്തിട്ടുള്ളത് .

ഈ വര്‍ഷം ആരോഗ്യമേഖലയിലെ പ്രവര്‍ത്തന മികവാണ് അവാര്‍ഡ് നിര്‍ണയത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഈ മേഖലയില്‍ പ്രാവിണ്യമുള്ള മൂന്ന് വിദഗ്ദരും, പൊതു പ്രവര്‍ത്തകരുമടങ്ങുന്ന അഞ്ചംഗ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുക. സംസ്‌ക്കാരിക പ്രവര്‍ത്തകനും, പട്ടാമ്പി ഗവ: സംസ്‌കൃത കോളജ് മലയാള വിഭാഗത്തിലെ മുന്‍ അസോസിയേറ്റ് പ്രഫസറുമായ ഡോ: സി പി ചിത്രഭാനു വാണ് അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റിയുടെ കണ്‍വീനര്‍. 25000 രൂപയും പ്രശസ്തി ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം .നവംബര്‍ 1 കേരളപ്പിറവി ദിനത്തിലാണ് പുരസ്‌കാര വിതരണം നടത്തുന്നത്.

Similar News