പുത്തൂര്‍ ചുഴലിക്കാറ്റ്: 24 മണിക്കൂറിനുള്ളില്‍ അടിയന്തര നടപടികള്‍ക്ക് റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം
തൃശൂര്‍: പുത്തൂരില്‍ മിന്നല്‍ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ അടിയന്തര നടപടികള്‍ക്ക് റവന്യൂ മന്ത്രി കെ രാജന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന അടിയന്തര യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
നാശനഷ്ടങ്ങള്‍ വിലയിരുത്തി അടിയന്തരമായി 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. തകര്‍ന്ന വീടുകളില്‍ നിന്ന് ക്യാമ്പുകളിലേക്ക് മാറിത്താമസിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് വേണ്ട ഭക്ഷണവും രോഗികളുണ്ടെങ്കില്‍ ആവശ്യമായ മരുന്നുകളും നല്‍കണം. നാശനഷ്ടം നേരിട്ട വാര്‍ഡുകളിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ സഹായസഹകരണങ്ങള്‍ എത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
30 വീടുകള്‍ക്ക് ഭാഗികമായും പൂര്‍ണമായും കേടുപാടുകള്‍ പറ്റി. നൂറ് കണക്കിന് തേക്ക് മരങ്ങള്‍, റബര്‍, 7000 നേന്ത്രവാഴകള്‍, കാലിതൊഴുത്തുകള്‍, ട്രസുകള്‍, ജാതി, തെങ്ങ് എന്നിവയ്ക്ക് നാശനഷ്ടം നേരിട്ടതായി കൃഷി ഓഫീസര്‍ ശ്രുതി രാജ് അറിയിച്ചു. നാശനഷ്ടം ഏറ്റവും കൂടുതല്‍ നേരിട്ട നാലാം വാര്‍ഡില്‍ 14 വീടുകള്‍ ഭാഗികമായും രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മേഖലയിലെ തകര്‍ന്നു വീണ ഇലക്ട്രിക് പോസ്റ്റുകള്‍ നന്നാക്കി വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. റോഡുകളില്‍ നിന്ന് മരങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ ഐ ജെ മധുസൂദനന്‍ അറിയിച്ചു. വീടുകളില്‍ നിന്ന് താമസം മാറേണ്ടവര്‍ക്ക് പുത്തൂര്‍ ഗവ എല്‍ പി എസില്‍ ക്യാമ്പ് ഒരിക്കിയതായി തഹസില്‍ദാര്‍ ജയശ്രീ യോഗത്തില്‍ അറിയിച്ചു.
പുത്തൂര്‍ പഞ്ചായത്തില്‍ വെട്ട്ക്കാട് തമ്പുരാട്ടി മൂലയിലാണ് മിന്നല്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചെ നാലേ മുക്കാല്‍ നേരത്താണ് വീശിയടിച്ച കാറ്റ് സുവോളജിക്കല്‍ പാര്‍ക്കിന് സമീപത്ത് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത നാശം വിതച്ചു. മലയോര മേഖലയായ മാഞ്ചേരിയിലും തമ്പുരാട്ടിമൂലയിലുമായാണ് മുപ്പതോളം വീടുകള്‍ക്ക് നാശനഷ്ടം നേരിട്ടത്.
യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മീഷണര്‍ കൗശികന്‍, ലാന്റ് റവന്യൂ കമ്മീഷണര്‍ കെ ബിജു, എല്‍ എസ് ജി ഡി അധികൃതര്‍, തൃശൂര്‍ ഡി എഫ് ഒ എസ് ജയശങ്കര്‍, ചാലക്കുടി റേഞ്ച് ഓഫീസര്‍ സുമ സ്‌കറിയ, പുത്തൂര്‍ പഞ്ചായത്ത് അംഗങ്ങളായ ജിനോ ടി സി, ലിബി വര്‍ഗീസ്, പഞ്ചായത്ത് സെക്രട്ടറി, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, കെ എസ് ഡി എം എ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

