ന്യൂനപക്ഷ വിരുദ്ധ ചോദ്യം: വിദ്യാഭ്യാസ വകുപ്പിലെ ആര്‍എസ്എസ് വക്താക്കള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കാംപസ് ഫ്രണ്ട്
കോഴിക്കോട്: ഹയര്‍ സെക്കന്ററി തുല്യത പരീക്ഷയിലെ ന്യൂനപക്ഷ വിരുദ്ധ ചോദ്യത്തിന് കാരണക്കാരായ വിദ്യാഭ്യാസ വകുപ്പിലെ ആര്‍ എസ് എസ് വക്താക്കള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് സെബാ ഷിരീന്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണോ എന്നുള്ള ചോദ്യമാണ് രണ്ടാംവര്‍ഷ സോഷ്യോളജി ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇത്തരം ചോദ്യങ്ങള്‍ കടന്നുകൂടിയതിനു പിന്നില്‍ ആര്‍എസ്എസ് ബാധകൂടിയ ഉദ്യോഗസ്ഥരാണ്. സാക്ഷരതാ മിഷന് വേണ്ടി വിദ്യാഭ്യാസ വകുപ്പാണ് പരീക്ഷ നടത്തുന്നത്. സാക്ഷരത മിഷനാണ് ചോദ്യങ്ങള്‍ നല്‍കുന്നതെന്നും പരീക്ഷ നടത്തുക എന്നുള്ളതാണ് തങ്ങളുടെ ചുമതല എന്നു പറഞ്ഞു തലയൂരനാണ് ഹയര്‍ സെക്കന്ററി വകുപ്പ് ശ്രമിക്കുന്നത്.
ന്യൂനപക്ഷ വിരുദ്ധ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ രാജ്യത്തിന് ഭീഷണിയാണെന്നുള്ള ആര്‍എസ്എസ് ഭാഷ്യം സ്‌കൂള്‍ പരീക്ഷകളിലൂടെ കടത്താനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. ആഭ്യന്തര വകുപ്പിലെ ആര്‍എസ്എസ് ഇടപെടലുകളെ കുറിച്ച് ഘടകകക്ഷികളില്‍ നിന്ന് തന്നെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ വിദ്യാഭ്യാസ വകുപ്പിലും ഇത്തരത്തില്‍ ആര്‍എസ്എസ് കൈകടത്തലുകള്‍ ഉണ്ടാകുന്നത് അതീവ ഗൗരവകരമാണ്. വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് അടിയന്തര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും സെബാ ഷിരീന്‍ കൂട്ടിച്ചേര്‍ത്തു.
