ഭൂമിയേറ്റെടുക്കല്‍: മന്ത്രി കെ രാജന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു

Update: 2021-08-26 14:23 GMT

തൃശൂര്‍: പുത്തൂര്‍ ജംങ്ഷന്‍ വികസനം, ശ്രീധരിപ്പാലം എന്നീ പദ്ധതികളുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി കെ രാജന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു. പുത്തൂര്‍ ജങ്ഷന്‍ വികസനത്തിന് പരിസ്ഥിതി ആഘാതപഠനത്തിനായി യൂണിറ്റിനെ തീരുമാനിച്ച് 4(1) പ്രാഥമിക വിജ്ഞാപനം ഉടന്‍ പുറത്തിറക്കാന്‍ റവന്യൂമന്ത്രി നിര്‍ദേശിച്ചു. പഠനം ഉടന്‍ പൂര്‍ത്തിയാക്കി സര്‍വേയും നഷ്ടപരിഹാര വിതരണവും ഭൂമി ഏറ്റെടുക്കല്‍ നടപടികളും ത്വരിതഗതിയല്‍ മുന്നോട്ടുപോകണമെന്നും മന്ത്രി അറിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് പിഡബ്ല്യൂഡി, റോഡ്‌സ്, എല്‍എ ജനറല്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എന്നിവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ശ്രീധരിപ്പാലം അപ്രോച്ച് റോഡ് സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സബ് ഡിവിഷന്‍ റെക്കോര്‍ഡുകള്‍ തയ്യാറാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രി ആവശ്യപ്പെട്ടു. പുനരധിവാസവും പുനസ്ഥാപനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഉടന്‍ സമര്‍പ്പിക്കുമെന്ന് എല്‍എ കിഫ്ബി തഹസില്‍ദാര്‍ യോഗത്തില്‍ അറിയിച്ചു.

ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ യമുനാദേവി, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍എ ജനറല്‍ പവിത്രന്‍ ജി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Similar News