ഊര് മൂപ്പന്‍ ക്ഷണിച്ചു; 'ഒരുക്കവുമായി വിദ്യാഭ്യാസ ഉപഡയറക്ടറും സംഘവും ആദിവാസി കോളനിയിലെത്തി

Update: 2021-08-25 14:03 GMT

തൃശൂര്‍: ഒരുക്കം പ്ലസ് വണ്‍ ഏകജാലക പ്രവേശന പദ്ധതിയുമായി തൃശൂര്‍ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനും സംഘവും പാണഞ്ചേരി പഞ്ചായത്തിലെ താമരവെള്ളച്ചാല്‍ ആദിവാസി കോളനി സന്ദര്‍ശിച്ചു. പട്ടികവര്‍ഗ ഊര് മൂപ്പന്‍ സദാനന്ദന്‍ സംഘത്തെ സ്വീകരിച്ചു. ഊര് മൂപ്പന്റെ ആവശ്യപ്രകാരമാണ് ഡി ഡി യും സംഘവും താമര വെള്ളച്ചാല്‍ പട്ടികവര്‍ഗ കോളനിയില്‍ എത്തിയത്.

ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാത്ത പ്രദേശമാണ് താമരവെള്ളച്ചാല്‍ പ്രദേശം. സാമൂഹ്യ പഠനമുറിയില്‍ വൈഫൈ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടില്ലെന്ന് ഊരുമൂപ്പന്‍ പറഞ്ഞു. ഊരിലെ ആകെയുള്ള 55 വീടുകളില്‍ നിന്നായി നാല് കുട്ടികളാണ് ഈ വര്‍ഷം എസ് എസ് എല്‍ സി വിജയിച്ചത്. തൊട്ടടുത്ത പട്ടികജാതി കോളനിയില്‍ നിന്ന് ഒരു കുട്ടിയും.

ആകെയുള്ള അഞ്ചു കുട്ടികളില്‍ മൂന്ന് പേര്‍ രക്ഷിതാക്കളുമൊത്ത് സാമൂഹ്യ പഠനമുറിയിലെത്തിചേര്‍ന്നു. കാളിദാസ്, ശ്രീക്കുട്ടി, അമൃത എന്നീ കുട്ടികളാണ് സംഘത്തെ കാണാനെത്തിയത്. കുട്ടികള്‍ എല്ലാവരും, പീച്ചി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് പഠിച്ചത്. ഈ വിദ്യാലയത്തില്‍ തന്നെ ഹയര്‍ സെക്കന്ററി പ്രവേശനം നേടണമെന്നാണ് കുട്ടികള്‍ ആഗ്രഹിക്കുന്നത്. ഹ്യൂമാനിറ്റിസ് വിഷയങ്ങള്‍ എടുത്തു പഠിക്കാനാണ് മൂവര്‍ക്കും ആഗ്രഹം. ഡി ഡി യും സംഘവും അവരുമായി സംസാരിച്ചു. വിവരങ്ങള്‍ തയ്യാറാക്കിയ ഫോറത്തില്‍ എഴുതി ഒപ്പിട്ടു വാങ്ങി.

ഹയര്‍ സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ വി എം കരീം, തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി വി മനോജ്കുമാര്‍, നാഷണല്‍ സര്‍വീസ് സ്‌കീം പി എ സി അംഗം റസല്‍ ജി എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Similar News