'ദി കേരള സ്റ്റോറി 2'ന് തിരിച്ചടി; ഹര്‍ജിയില്‍ തീര്‍പ്പുവരുന്നത് വരെ ചിത്രത്തിന്റെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി
കൊച്ചി: 'ദി കേരള സ്റ്റോറി 2' എന്ന ചിത്രത്തിന്റെ റിലീസ് പാടില്ലെന്നും അവകാശം കൈമാറരുതെന്നും നിര്‍മാതാക്കളോട് കേരള ഹൈക്കോടതി നിര്‍ദേശിച്ചു. സിനിമയെക്കുറിച്ചുള്ള ഹര്‍ജിക്കാരന്റെ ആശങ്കകള്‍ ഒരുപക്ഷേ ശരിയായിരിക്കാം എന്ന് നിരീക്ഷിച്ച കോടതി, അന്തിമ തീരുമാനം വരുന്നത് വരെ കാത്തിരിക്കാനും നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു.
2026 ഫെബ്രുവരി 27ന് തീയേറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം, ഇന്ത്യന്‍ മുസ്‌ലിംകളെ ചിത്രീകരിക്കുന്ന രീതിയെച്ചൊല്ലി വലിയ പ്രതിഷേധം നേരിടുന്നുണ്ട്. അതിശയോക്തി കലര്‍ന്ന അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുവെന്ന ആരോപണവും ചിത്രത്തിനെതിരെയുണ്ട്. കേരളത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജീവശാസ്ത്രജ്ഞനായ ശ്രീദേവ് നമ്പൂതിരിയാണ് സിനിമയുടെ റിലീസും പ്രദര്‍ശനവും തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
'നിങ്ങള്‍ക്ക് ആവശ്യമായ സമയം ഞാന്‍ നല്‍കാം, എന്നാല്‍ ഹര്‍ജിയില്‍ തീരുമാനം വരുന്നത് വരെ ചിത്രം റിലീസ് ചെയ്യരുത്. വാദം പൂര്‍ത്തിയാകുന്നത് വരെയും കോടതി തീരുമാനമെടുക്കുന്നത് വരെയും കാത്തിരിക്കുക,' - ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പറഞ്ഞു. ഹൈക്കോടതി വ്യാഴാഴ്ച രാവിലെ 9.45ന് വീണ്ടും ഹര്‍ജി പരിഗണിക്കും. നിയമക്കുരുക്കുകളില്‍ പെട്ടിരിക്കുന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവ് ഉണ്ടായേക്കും.
മുസ് ലിംകളെയും കേരളത്തേയും മോശമായി ചിത്രീകരിക്കുന്ന സിനിമക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
