തിരുവിഴാംകുന്ന് 16 കാരിയെ കൊലപ്പെടുത്താന്‍ ശ്രമം; പ്രണയപ്പകയെന്ന് ഡിവൈഎസ്പി

Update: 2021-08-25 10:14 GMT

മണ്ണാര്‍ക്കാട്: തിരുവിഴാംക്കുന്ന് പതിനാറുകാരിയെ കൊലപ്പെടുത്താനുള്ള നീക്കം പ്രണയപ്പകയാണെന്ന് ഡിവൈഎസ്പി വി എ കൃഷ്ണദാസ്. പ്രണയത്തെ ചൊല്ലിയുള്ള കലഹമാണ് കൊലപാതക ശ്രമത്തില്‍ കലാശിച്ചതെന്നും പോലിസ് പറഞ്ഞു.

പെണ്‍കുട്ടിയുമായി പ്രതി ജംഷീര്‍ അടുപ്പത്തിലായിരുന്നു. രാത്രിയില്‍ വീട്ടിലെത്തി ഉണ്ടായ തര്‍ക്കത്തിനിടെ കഴുത്തില്‍ഷാള്‍ കുരുക്കി. കൊല്ലുക എന്നതായിരുന്നു ലക്ഷ്യമെന്നും പോലിസ് പറഞ്ഞു.

ഒളിവില്‍ പോയ പ്രതിയെ രാത്രിയോടെ പോലിസ് പിടികൂടിയിട്ടുണ്ട്. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിക്കെതിരെ വധശ്രമം, അതിക്രമിച്ച് കയറല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ലൈംഗീകാതിക്രമം ഉണ്ടായോ എന്ന് പരിശോധിച്ച ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും ഡിവൈഎസ്പി വി.എ കൃഷ്ണദാസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ അയല്‍വാസി ശ്രമിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില വീണ്ടെടുത്ത ശേഷം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തും.

Similar News