വീണാ ജോര്‍ജിന്റെ കഴുത്തിന് ക്ഷതം; എംആര്‍ഐ സ്‌കാനിംഗ് നടത്തണം: മെഡിക്കല്‍ ബുള്ളറ്റിന്‍
കണ്ണൂര്‍: കെഎസ് യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കുപറ്റി ചികിത്സയില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കഴുത്തിന് ക്ഷതമേറ്റതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം മന്ത്രിയെ പരിശോധിച്ചു. എംആര്‍ഐ സ്‌കാനിംഗ് നടത്തണമെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
വന്ദേഭാരത് എക്സ്പ്രസില്‍ തിരുവനന്തപുരത്തേക്ക് മടങ്ങാനായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു മന്ത്രിക്ക് നേരെ കെഎസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചത്. അതിനിടെ പരിക്കേറ്റ മന്ത്രിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ കഴുത്തില്‍ ബെല്‍റ്റ് ഇട്ടിട്ടുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആദ്യം അത്യാഹിത വിഭാഗത്തിലും പിന്നീട് മന്ത്രിയെ ഐസിയുവിലേക്കും മാറ്റുകയായിരുന്നു.
ഇന്ന് വൈകുന്നേരം മൂന്നേ കാലോടെയായിരുന്നു റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിനിടെയാണ് കഴുത്തിനും കൈക്കും മര്‍ദ്ദനമേറ്റെന്നും വേദനയുണ്ടെന്നും മന്ത്രി പറയുന്നത്. പിന്നാലെ പോലിസ് സുരക്ഷയില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പ്രതിഷേധത്തില്‍ അഞ്ച് കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കെഎസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുല്‍, സി എച്ച് മുബാസ്, മുഹമ്മദ് യാസീന്‍, അക്ഷയ് മാട്ടൂല്‍, ബിഥുല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അതിക്രമം നടന്നത് റെയില്‍വെ സ്റ്റേഷനകത്ത് നിന്നായതിനാല്‍ അറസ്റ്റിലായവരെ റെയില്‍വെ പോലിസിന് കൈമാറും. ഇവര്‍ നിലവില്‍ കണ്ണൂര്‍ ടൗണ്‍ പോലിസ് സ്റ്റേഷനിലാണ് ഉള്ളത്.
