വായ്പാ വാഗ്ദാനം: ഓണ്‍ലൈനായി പണം തട്ടിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍

Update: 2021-08-23 05:41 GMT

മലപ്പുറം: വന്‍ തുക വായ്പയായി വാഗ്ദാനം ചെയ്ത് ഓണ്‍ലൈനായി പണം തട്ടിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട സ്വദേശികാളാണ് താനൂരില്‍ അറസ്റ്റിലയാത്. വീരകുമാര്‍ (33), മുത്തു സരുണ്‍ (32), രാഹുല്‍ (24), ജിബിന്‍ (28) എന്നിവരാണ് അറസ്റ്റിലയത്.

കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കാമെന്ന് പരസ്യവും മൊബൈലിലേക്ക് സന്ദേശവും നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. പിന്നീട് ഫോണില്‍ വിളിച്ച ശേഷം വിശ്വാസ്യത ലഭിക്കും തരത്തില്‍ സംസാരിക്കും. പ്രോസസിംഗ് ചാര്‍ജ്, മുദ്രപത്രത്തിന്റെ ഫീസ് എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ പറഞ്ഞ് വന്‍ തുക തട്ടിയെടുക്കും. പണം ബാങ്ക് അക്കൗണ്ടില്‍ എത്തിയാലുടന്‍ സിം മാറ്റും.

വീരകുമാറാണ് വ്യാജമായി ആധാറും പാനും നിര്‍മ്മിച്ച് ബെംഗളുരുവിലെ ഒരു ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയത്. താനൂര്‍ സ്വദേശിയായ ഒരാള്‍ക്ക് ലക്ഷങ്ങള്‍ നഷ്ടമായതോടെ ഇയാള്‍ നല്‍കിയ പരാതിയിലാണ് കേസന്വേഷണം നടന്നത്. 8. 61 ലക്ഷം രൂപയാണ് ഇയാളില്‍ നിന്ന് തട്ടിയെടുത്തത്.

പ്രതികളില്‍ നിന്ന് 15 മൊബൈല്‍ ഫോണ്‍, 16 എടിഎം കാര്‍ഡ്, ബാങ്ക് രേഖകള്‍, ആഢംബരക്കാര്‍ എന്നിവ പിടിച്ചെടുത്തു. ഡിവൈഎസ്പി എം ഐ ഷാജിയും സംഘവുമാണ് ബെംഗളുരു, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നായി പ്രതികളെ പിടികൂടിയത്.

Similar News