ലക്ഷദ്വീപ് കേന്ദ്രങ്ങളിലെ ഡിഗ്രി, പിജി കോഴ്‌സുകള്‍ നിര്‍ത്തലാക്കാനുള്ള കാലിക്കറ്റ് യൂനിവേഴ്‌സിറ്റി തീരുമാനം പുന:പരിശോധിക്കണം: കെഎടിഎഫ്

Update: 2021-08-22 06:41 GMT

കോഴിക്കോട്: ലക്ഷദ്വീപിലെ മൂന്ന് കേന്ദ്രങ്ങളില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴില്‍ നടത്തുന്ന ബി എ അറബിക്, പിജി കോഴ്‌സുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ച യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് തീരുമാനം പുന:പരിശോധിക്കണമെന്നും പിന്നാക്കം നില്‍ക്കുന്ന ഒരു സമൂഹത്തെ ഉയര്‍ത്തി കൊണ്ടുവരുവാനുള്ള നൂതന പദ്ധതികളും കോഴ്‌സുകളുമാണ് ഓരോ ഭരണകൂടവും നടപ്പിലാക്കേണ്ടതെന്നും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പഠനനിലവാരത്തിന്റെയും കുട്ടികളുടെ കുറവിന്റെയും പേരില്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ നിരത്തി ലക്ഷദ്വീപ് ഭരണകൂടം എം എ അറബിക്, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, എം എസ് സി അക്വാകള്‍ച്ചര്‍, മാത്തമാറ്റിക്‌സ് എന്നീ പി ജി കോഴ്‌സുകള്‍ക്കൊപ്പം ബി എ അറബിക് കൂടി നിര്‍ത്താന്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് എന്തിന് വേണ്ടിയാണെന്നും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വര്‍ത്തമാന കാലത്തെ ഓരോ നിലപാടുകളും എന്താന്നെന്നും ഉത്തരവാദപ്പെട്ടവര്‍ സൂക്ഷ്മമായി നിരീക്ഷിച്ച് നീതി പൂര്‍വ്വമായ തീരുമാനങ്ങള്‍ കൈകൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.

ഗുണ നിലവാരത്തിന്റെ പേര് പറഞ്ഞ് ലക്ഷദ്വീപിലെ കവരത്തി, ആന്ത്രോത്ത്, കടമത്തത് ദ്വീപ് കേന്ദ്രങ്ങളിലെ കോഴ്‌സുകള്‍ ഒഴിവാക്കുന്നതിന് പിന്നില്‍ മറഞ്ഞിരിക്കുന്ന ഹിഡന്‍ അജണ്ടകളെ കാലിക്കറ്റ് സിന്‍ഡിക്കേറ്റ് കാണാതെ പോയത് ഖേദകരമാണെന്നും യോഗം വിലയിരുത്തി.

പ്രസിഡന്റ് എം പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി പി അബ്ദുല്‍ ഹഖ്, മാഹിന്‍ ബാഖവി, എം.എ. ലത്തീഫ്, എം.ടി. സൈനുല്‍ ആബിദീന്‍, എം.എ. റഷീദ്, എസ്.എ. റസാഖ്, എം.പി. അയ്യൂബ്, സലാം വയനാട്, എം.എ. സാദിഖ്, സി.എച്ച്. ഫാറൂഖ്, പി.കെ. ഷാക്കിര്‍, മന്‍സൂര്‍ മാടമ്പാട്ട്, എ.പി. ബഷീര്‍, നൂറുല്‍ അമീന്‍ പാലക്കാട്, താജുദ്ദീന്‍ വി.പി, മുഹമ്മദലി മിഷ്‌കാത്തി, കെ.കെ. റംല ടീച്ചര്‍ എന്നിവ സംസാരിച്ചു.

Similar News