കേരളത്തിലെ പാര്‍ട്ടി ഓഫിസുകള്‍ കേന്ദ്രീകരിച്ച് നടന്നിട്ടുള്ള സ്ത്രീ പീഡനക്കേസുകള്‍ പുനരന്വേഷണത്തിന് വിധേയമാക്കണം: പി അംബിക

Update: 2021-08-18 07:09 GMT

മലപ്പുറം: കേരളത്തിലെ പാര്‍ട്ടി ഓഫിസുകള്‍ കേന്ദ്രീകരിച്ച് നടന്നിട്ടുള്ള സ്ത്രീ പീഡനക്കേസുകള്‍ പുനരന്വേഷണത്തിന് വിധേയമാക്കണമെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക പി അംബിക. സ്ത്രീ സുരക്ഷ പ്രഖ്യാപനങ്ങളില്‍ ഒതുക്കുന്ന ഭരണകൂടം എന്ന വിഷയത്തില്‍ ആഗസ്ത് 5 മുതല്‍ സെപ്റ്റംബര്‍ 5 വരെ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് നടത്തുന്ന പ്രതിഷേധ കാംപയിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്ത് നിയമങ്ങള്‍ സ്ത്രീകള്‍ക്കനുകൂലമാണ് എന്നിരിക്കെ നിയമത്തിന്റെ പഴുതുകളിലൂടെയും

രാഷ്ട്രീയ ആധിപത്യത്തിലൂടെയു നീതി അവളില്‍ നിന്ന് തട്ടി മാറ്റപ്പെടുകയാണ്. പാര്‍ട്ടി ഓഫിസുകള്‍ കേന്ദ്രീകരിച്ച് നടന്നിരിക്കുന്ന കൊലപാതകങ്ങളടക്കമുള്ള പീഡനക്കേസുകള്‍ വെളിച്ചം കാണാതെയിരിക്കുന്നത് സ്ത്രീകള്‍ക്ക് വേണ്ടി മതിലുകള്‍ തീര്‍ത്ത കേരളത്തിലാണ് എന്നത് അപകടമാണെന്നും അംബിക കുറ്റപ്പെടുത്തി.

ആഗസ്ത് അഞ്ചിനാണ് കാംപിയിന്‍ ഉദ്ഘാടനം ചെയ്തത്. കാംപയിന്റെ ഭാഗമായി വെബിനാര്‍, സെമിനാര്‍, ബോധവല്‍കരണ സദസ്സ്, സ്ത്രീധന വിരുദ്ധ പ്രതിജ്ഞ, വിവിധ സമര കൂട്ടായ്മകളും നടന്നുവരുന്നതായും ജില്ലാ പ്രസിഡന്റ് സല്‍മ സ്വാലിഹ് അധ്യക്ഷത പ്രസംഗത്തില്‍ പറഞ്ഞു. വിമന്‍ ഇന്ത്യാ മൂവ്‌മെന്‍ സംസ്ഥാന സെക്രട്ടറി ഇര്‍ഷാന ടീച്ചര്‍, കേരള ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചിത്ര, വിമണ്‍ ജസ്റ്റിസ് ജില്ലാ പ്രസിഡന്റ് ഫായിസ, മുനീറ (നാഷ്ണല്‍ വിമണ്‍സ് ഫ്രണ്ട്), ജിഹാന്‍ ബഷീര്‍ (കാംപസ് ഫ്രണ്ട്) റൈഹാന കോട്ടക്കല്‍, സുനിയ സിറാജ്, ഷഹ്ഫ ബതൂല്‍, ജസീല മുംതാസ്, ഫര്‍ഹാന തുടങ്ങിയവര്‍ സംസാരിച്ചു.

Similar News