ദേശീയപാത വികസനം: നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ നട്ടുച്ചക്ക് പന്തം കൊളുത്തി പ്രതിഷേധിച്ചു
പയ്യോളി: ദേശീയപാത വികസനം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇനിയും നല്‍കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ നട്ടുച്ചക്ക് പന്തം കൊളുത്തി പ്രതിഷേധിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച ഉച്ചക്ക് പതിനൊന്നോടെയാണ് ടൗണില്‍ ദേശീയപാതയോരത്ത് വേറിട്ട പ്രതിഷേധ രീതിക്ക് നഗരം സാക്ഷ്യം വഹിച്ചത്. കുടിയിറക്കപ്പെടുന്ന വ്യാപാരിക്ക് രണ്ട് ലക്ഷം രൂപയും, തൊഴിലാളികള്‍ക്ക് മുപ്പത്തിയാറായിരം രൂപ വീതവും നല്‍കുമെന്ന് മുമ്പ് പ്രഖ്യാപനം നടന്നെങ്കിലും പിന്നീട് അതേക്കുറിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും, എന്നാല്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിച്ചാല്‍ മാത്രമെ കടകള്‍ ഒഴിയുകയുള്ളൂവെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ.ടി.വിനോദ് പറഞ്ഞു. യൂനിറ്റ് പ്രസിഡന്റ് കെ പി റാണാ പ്രതാപ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മാണിയോത്ത് മൂസ, മണ്ഡലം പ്രസിഡന്റ് ഇ കെ സുകുമാരന്‍, ഫൈസല്‍ സൂപ്പര്‍, എ സി സുനൈദ്, ജയേഷ് ഗായത്രി എന്നിവര്‍ സംസാരിച്ചു. കെ പി ഗിരീഷ് കുമാര്‍ സ്വാഗതവും വീരേന്ദ്രന്‍ നന്ദിയും പറഞ്ഞു.