കാര്‍ഷിക, പരമ്പരാഗത, ചെറുകിട വ്യവസായ മേഖലകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം: മന്ത്രി കെ രാധാകൃഷ്ണന്‍

Update: 2021-08-17 14:36 GMT

തൃശൂര്‍: കാര്‍ഷിക, പരമ്പരാഗത, ചെറുകിട വ്യവസായ മേഖലകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന് പട്ടികജാതി വികസനവകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ജില്ലാതല രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ നേട്ടങ്ങള്‍, പോരായ്മകള്‍ എന്നിവ ചര്‍ച്ച ചെയ്യാന്‍ ഈ അവസരം ഉപയോഗിക്കണമെന്ന് മന്ത്രി പറഞ്ഞു. പാവപ്പെട്ടവന്റെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ ഈ പദ്ധതികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തുകള്‍ അവര്‍ക്ക് യോജിക്കുന്ന ഫണ്ടുകള്‍ ശരിയായി വിനിയോഗിക്കണം. ഓരോ പ്രദേശത്തിനും അനുയോജ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം. കാലതാമസമില്ലാതെ ജനങ്ങള്‍ക്ക് ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയണം. കക്ഷിരാഷ്ട്രീയ ജാതിമത ചിന്തകള്‍ക്ക് അധീതമായി അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ മുന്‍ പ്രസിഡന്റുമാരെ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള അധികാരം കൈമാറിക്കൊണ്ട് കേരളത്തില്‍ 1996ല്‍ നടപ്പിലാക്കിയ വികേന്ദ്രീകൃത ആസൂത്രണപദ്ധതിയാണ് ജനകീയാസൂത്രണം. 25 വര്‍ഷത്തെ ജില്ലാ വികസന രേഖ അവതരണം ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍ കെ ശ്രീലത നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ജി തിലകന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Similar News