വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധി; മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കി
മലപ്പുറം: ജില്ലയിലെ വിദ്യാഭ്യാസ രംഗത്തെ അതീവഗുരുതരമായ പ്രതിസന്ധികള്‍ക്ക് പരിഹാരം തേടി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി നിവേദകസംഘം മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും കണ്ടു നിവേദനം നല്‍കി.
എസ്എസ്എല്‍സി ക്കു ശേഷം ഉപരിപഠനം നടത്താവുന്ന മറ്റെല്ലാ കോഴ്‌സുകളുടെയും സീറ്റുകള്‍ കഴിഞ്ഞാലും പത്താം ക്ലാസ് പൊതുപരീക്ഷയില്‍ ഉപരിപഠന യോഗ്യത നേടിയ 75554 കുട്ടികളില്‍ 28523 കുട്ടികള്‍ പ്ലസ്ടുവിനു സീറ്റ് ലഭിക്കാതെ പുറത്തു നില്‍ക്കേണ്ട സ്ഥിതിയാണ് മലപ്പുറം ജില്ലയിലുള്ളത്. വളരെ ഗുരുതരമായ ഈ പ്രതിസന്ധി പരിഹരിക്കുന്നതിന്ന് അഡീഷണല്‍ സീറ്റ് അനുവദിച്ചത് കൊണ്ട് കാര്യമില്ലെന്നും അഡീഷണല്‍ ബാച്ചുകള്‍ അനുവദിക്കണമെന്നും പ്ലസ്സ്ടു ഇല്ലാത്ത സര്‍ക്കാര്‍ ഹൈസ്‌ക്കൂളുകളെല്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളുകളാക്കി ഉയര്‍ത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. 500 ന് മുകളില്‍ കുട്ടികള്‍ 10ാം ക്ലാസ്സ് പരീക്ഷ എഴുതിയ 45 സ്‌കൂളുകള്‍ മലപ്പുറത്തുണ്ട്. അതേ സമയം 20 കുട്ടികള്‍ മാത്രം 10ാം ക്ലാസ്സിലുള്ള 292 സ്‌ക്കൂളുകള്‍ സംസ്ഥാനത്തുള്ളതില്‍ ഒന്ന് പോലും മലപ്പുറം ജില്ലയിലില്ല. കൂടുതല്‍ ഹൈസ്‌ക്കൂളുകള്‍ മലപ്പുറം ജില്ലക്ക് ആവശ്യമാണെന്നതിന്റെ ന്യായമാണ് മുകളിലെ കണക്കുകള്‍
പ്ലസ്സ്ടു വിജയിച്ച കുട്ടികളുടെ ഉപരിപഠനത്തിന്റെ കാര്യത്തിലും ജില്ലയില്‍ വലിയ പ്രതിസന്ധിയാണ്.കേരളത്തില്‍ പ്ലസ്സ്ടു ജയിച്ച കുട്ടികളില്‍ 1000 കുട്ടികള്‍ക്ക് 256 ഡിഗ്രി സീറ്റ് എന്ന കണക്കിലാണ് നിലവിലുള്ളത്. എന്നാല്‍ മലപ്പുറത്ത് 1000 കുട്ടികളില്‍ 110 കുട്ടികള്‍ക്ക് മാത്രം ഡിഗ്രിസീറ്റ് ലഭിക്കുന്ന വിധത്തിലാണ് കോളജുകളില്‍ സീറ്റ് നിലവിലുള്ളത്.
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സ് ലഭിച്ച, മികച്ച വിജയം കാഴ്ചവെച്ചവര്‍ക്ക് പോലും മലപ്പുറത്ത് ഡിഗ്രിക്ക് പഠിക്കാന്‍ സീറ്റ് ലഭിക്കില്ല.കാരണം 6988 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സ് ലഭിച്ചവരുണ്ട്.ഡിഗ്രി സീറ്റുകള്‍ ആകെ 6776 എണ്ണം മാത്രമാണുള്ളത്.
ഈ സാഹചര്യത്തില്‍ ചെറിയ ശതമാനം സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് കണ്ണില്‍ പൊടിയിടുന്ന നടപടികള്‍ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും കൂടുതല്‍ ബാച്ചുകള്‍, കോഴ്‌സുകള്‍, കൂടുതല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളുകള്‍, കോളേജുകള്‍ തുടങ്ങിയവ അനുവദിച്ച് ശാശ്വത പരിഹാരം കാണണമെന്നും നിവേദക സംഘം ആവശ്യപ്പെട്ടു.
