ന്യൂഡല്‍ഹി: ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിനെ പാര്‍ട്ടി പൂര്‍ണമായി പിന്തുണയ്ക്കുന്നതായി എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹ്മദ്. ജാതി കണക്കാക്കി അനുസരിച്ച് ഒബിസി പട്ടിക പുനക്രമീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായിരുന്ന അധികാരം പുനസ്ഥാപിച്ചുകൊണ്ടുള്ള ഭരണഘടനാ ഭേദഗതി ബില്‍ ജാതി അടിസ്ഥാനമാക്കിയുള്ള പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. സ്വാതന്ത്ര്യലബ്ദിക്കുമുമ്പ് 1931 ലാണ് ഇന്ത്യയില്‍ അവസാനമായി ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്തിയത്. സ്വാതന്ത്ര്യാനന്തരം ആദ്യത്തെ സെന്‍സസ് നടന്നത് 1951ലാണ്. എന്നാല്‍ അതിനുശേഷം ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടന്നിട്ടില്ല.
ഇന്ത്യയിലെ സമൂഹം ഭിന്നവും ആഴത്തില്‍ സ്വാധീനവുമുള്ള 4635 ജാതികളും സമുദായങ്ങളും അടങ്ങുന്നതാണ്. അവരുടെ സ്വത്വവും പദവിയും പങ്കാളിത്തവും ജാതി വ്യവസ്ഥയ്ക്ക് അനുസൃതമായാണ് നല്‍കിയിരിക്കുന്നത്. മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് പ്രകാരം 1990 ല്‍ സംവരണം രാജ്യം അംഗീകരിച്ചു. എന്നാല്‍ 50 വര്‍ഷത്തിലധികം പഴക്കമുള്ള കണക്കുകളും വിവരങ്ങളുമാണ് നമ്മുടെ കൈവശമുള്ളത്. അതായത്, 1931 ലെ സെന്‍സസ് പ്രകാരമുള്ള സ്ഥിതിവിവര കണക്കുകളാണ് ലഭ്യമായിട്ടുള്ളത്. പിന്നാക്ക വിഭാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ അഭാവം രാജ്യത്തെ ജനങ്ങളില്‍ പ്രത്യേകിച്ച് ഒബിസിയില്‍ നിരന്തരമായ അസംതൃപ്തിക്ക് കാരണമായിരിക്കുകയാണ്.
ഓരോ സെന്‍സസിലും എല്ലാ വീടുകളും എല്ലാ കന്നുകാലികളും ഓരോ മരവും മറ്റും എണ്ണപ്പെട്ടിട്ടുണ്ടെങ്കിലും രാഷ്ട്രീയ കാരണങ്ങളാല്‍ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നിഷേധിക്കപ്പെട്ടതുമൂലം രാജ്യത്തെ ജാതികളുടെ ഡാറ്റയെക്കുറിച്ച് പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളെക്കുറിച്ചുള്ള വിവരമില്ല എന്നത് വിരോധാഭാസമാണ്. രാജ്യത്തെ ഭരണകക്ഷികള്‍ എപ്പോഴും ജാതി കണക്കില്‍ ഒളിച്ചുകളി രാഷ്ട്രീയമാണ് കളിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ നേടുന്നതിന് മാത്രം രാഷ്ട്രീയ പിന്നാമ്പുറ നാടകമാടുകയും അവരുടെ പ്രശ്‌നങ്ങളില്‍ അവസരവാദ നയം സ്വീകരിക്കുകയുമാണ്. കൂടാതെ എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങള്‍ ഗണ്യമായി ഉള്‍ക്കൊള്ളുന്ന പാര്‍ട്ടികള്‍ ജാതി സെന്‍സസ് ആവശ്യപ്പെടാന്‍ തയ്യാറാവുന്നില്ല.
രാഷ്ട്രീയ ആധിപത്യത്തിനായി പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളെ ഉപയോഗപ്പെടുത്തുന്നവര്‍ പോലും രാഷ്ട്രീയ അധികാരത്തില്‍ നിന്ന് അവരെ അകറ്റിനിര്‍ത്തി ചൂഷണം ചെയ്യുകയാണ്.
2011 ല്‍ ജാതി സെന്‍സസ് വെവ്വേറെ നടത്തിയെങ്കിലും 2011 ലെ പൊതു സെന്‍സസിന്റെ കണക്കുകള്‍ക്കൊപ്പം ജാതി സംബന്ധിച്ച ഡാറ്റ ഇതുവരെ പരസ്യമാക്കിയിട്ടില്ല. അതിനാല്‍ യഥാര്‍ത്ഥ സെന്‍സസിന്റെ ഭാഗമായി ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്തേണ്ടത് ആവശ്യമാണ്. പിന്നാക്ക, പട്ടിക ജാതി, പട്ടിക വര്‍ഗ്ഗങ്ങളിലെ എല്ലാ ജാതികളുടെയും ശക്തി ശരിയായി കണക്കാക്കിയ ശേഷം വിതരണത്തിലെ തുല്യത ഉറപ്പാക്കാനാവുന്നതാണ്. അങ്ങനെ അര്‍ഹമായതും മതിയായ പങ്കും പ്രാതിനിധ്യവും, അതത് ജനസംഖ്യയ്ക്ക് ആനുപാതികമായി ഉറപ്പുവരുത്തുകയും അര്‍ത്ഥവത്തായ സാമൂഹിക, രാഷ്ട്രീയത്തിലേക്ക് നയിക്കുന്നതിന് എല്ലാ ജാതികള്‍ക്കും നീതി ലഭിക്കുകയും ചെയ്യും. സെന്‍സസ് ഉപയോഗപ്പെടുത്തി രാജ്യത്തെ എല്ലാവര്‍ക്കും നീതി ഉറപ്പുവരുത്തുന്നതില്‍ എല്ലാ ജാതികളുടെയും കണക്കെടുപ്പ് ആവശ്യപ്പെടുന്നവര്‍ക്ക് ഒപ്പമാണ് എസ്ഡിപിഐ. 2021 ലെ സെന്‍സസിനോടനുബന്ധിച്ച് ഇന്ത്യയിലുടനീളം ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് നടത്തേണ്ടത് അടിയന്തരമായ ആവശ്യമാണെന്നും ഷറഫുദ്ദീന്‍ അഹ്മദ് വ്യക്തമാക്കി.

