കോഴിക്കോട്: കൊവിഡ് മാനദണ്ഡം പാലിച്ച് നഗരത്തിലെ ഹോട്ടലുകള്‍ തുറക്കാനും കൂടിനടപടി സ്വീകരിക്കണമെന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. 6 ദിവസവും എല്ലാ കടകളും തുറക്കുന്ന പക്ഷം ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവാദം നല്‍കണം. എല്ലാവരും പാര്‍സല്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുമ്പോള്‍ കൂടുതല്‍ തിരക്കുള്ള സാഹചര്യം ഉണ്ടാകും. ഇതിന് പരിഹാരം അകലം പാലിച്ച് സീറ്റ് സജ്ജീകരിച്ച് ഹോട്ടലുകള്‍ പൂര്‍ണ്ണമായും തുറക്കുക എന്ന നിലപാടാണ് സ്വീകരിക്കേണ്ടത്. കടകള്‍ തുറക്കുന്നതോടെ നഗരത്തില്‍ എത്തുന്ന ജനങ്ങള്‍ക്ക് പ്രയാസം നേരിടാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ചേംബര്‍ പ്രസിഡന്റ് കെ.വി ഹസീബ് അഹമ്മദ് മുഖ്യമന്ത്രിയ്ക്ക് അയച്ച ഇ മെയിലില്‍ അറിയിച്ചു. ആഴ്ചയില്‍ ഞായര്‍ ഒഴികെ കട തുറക്കാന്‍ തീരുമാനിച്ചതിനെയും യു എ ഇ സര്‍ക്കാര്‍ വിസ ഉള്ളവരും വാക്‌സിന്‍ എടുത്തവര്‍ക്ക് യാത്രാനുമതി നല്‍കിയതിനെയും മലബാര്‍ ചേംബര്‍ സ്വാഗതം ചെയ്തു. സമാന തീരുമാനം സൗദി അറേബ്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ചേംബര്‍ അഭ്യര്‍ത്ഥിച്ചു.