ബേപ്പൂര്‍ ഹാര്‍ബറിലെ പ്രശ്‌നങ്ങള്‍: തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്ന് മന്ത്രി

Update: 2021-08-03 14:04 GMT

കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പൊതുമരാമത്ത്ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അവലോകനം ചെയ്തു. തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് ഹാര്‍ബറിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകണമെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചെറുവണ്ണൂരിലെ എം എല്‍ എ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ എം.എല്‍.എ വി കെ സി മമ്മദ് കോയ പങ്കെടുത്തു. മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്നത് ഉറപ്പുവരുത്തണം. പുനര്‍ഗേഹം പദ്ധതി മികച്ചരീതിയില്‍ നടപ്പാക്കുന്നതിനായി സ്ഥലം കണ്ടെത്തുന്നതിന് ജനകീയ കമ്മിറ്റി രൂപീകരിക്കും. ബേപ്പൂര്‍ പരിധി, കടലുണ്ടി ഭാഗം ഉള്‍പ്പെടുന്ന പ്രദേശങ്ങളെ ചേര്‍ത്തുകൊണ്ട് രണ്ട് കമ്മിറ്റികളാണ് രൂപീകരിക്കുക. ഇതിന്റെ കണ്‍വീനര്‍മാര്‍ ഉദ്യോഗസ്ഥരായിരിക്കും. ചില്ലറ മത്സ്യ വില്‍പനക്കാര്‍ ഹാര്‍ബറില്‍ നേരിടുന്ന വിപണന പ്രശ്‌നങ്ങളും ഹാര്‍ബറുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളും കലക്ടറുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഫിഷറീസ് ഡെപൂട്ടി ഡയറക്ടര്‍ രഞ്ജിനി, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍മാരായ ജയദീപ്, രാജേഷ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ അഫീന, മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Similar News