കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജലക്ഷാമം രൂക്ഷം

മൂന്നുദിവസമായി കുടിവെളളമില്ല

Update: 2026-02-26 06:39 GMT

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൂന്നാം ദിവസവും കുടിവെള്ളമെത്തിയില്ല. കുറ്റിക്കാട്ടൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ പ്രധാന ജലവിതരണ പൈപ്പ് പൊട്ടിയതാണ് വെള്ളം മുടങ്ങാന്‍ കാരണം. ചൊവ്വാഴ്ച ഉച്ചയോടെ മുടങ്ങിയ ജലക്ഷാമം പരിഹരിക്കാന്‍ ഇതുവരെ സാധിക്കാത്തത് ആയിരക്കണക്കിന് രോഗികളേയും കൂട്ടിരിപ്പുകാരേയും ജീവനക്കാരേയുമാണ് ബുദ്ധിമുട്ടിലാക്കിയത്.

കുറ്റിക്കാട്ടൂരില്‍ കലുങ്ക് നിര്‍മാണത്തിനിടെ ജല അതോറിറ്റിയുടെ 700 എംഎം കാസ്റ്റ് അയേണ്‍ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നാണ് ജലവിതരണം മുടങ്ങിയത്. വെള്ളമില്ലാത്തത് ആശുപത്രി ലാബിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. ഒപി വിഭാഗത്തിലും വാര്‍ഡുകളിലും ചികില്‍സ തേടുന്ന രോഗികള്‍ ലാബ് പരിശോധനയ്ക്കായി എത്തിയപ്പോള്‍ വെള്ളമില്ലാത്തതിനാല്‍ പിന്നീട് വരാന്‍ പറഞ്ഞു മടക്കി.

വെള്ളം ഇല്ലാത്തതിനാല്‍ ശുചീകരണം നടത്താന്‍ കഴിയാതെ ജീവനക്കാരും പ്രയാസപ്പെടുകയാണ്. പലരും ശുചിമുറികള്‍ ഉപയോഗിച്ചതോടെ ദുര്‍ഗന്ധം മൂലം അടുത്തേക്കു പോകാന്‍ പറ്റാതെയായി. ടാങ്കര്‍ ലോറിയില്‍ വെള്ളം വരുന്നതും നോക്കി അതിരാവിലെ മുതല്‍ ആളുകള്‍ ആശുപത്രിയുടെ പ്രധാന ഗേറ്റിനു സമീപം കാത്തു നിന്നു.

ടാങ്കറുകളില്‍ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്കുപോലും ഇത് തികയുന്നില്ലെന്നാണ് പരാതി. ഒരു ബക്കറ്റ് വെള്ളത്തിനായി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയിലാണ് രോഗികള്‍. പൈപ്പ് പൊട്ടിയ വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും മെഡിക്കല്‍ കോളേജ് അധികൃതര്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ടതാണ് ഇത്രയും വലിയ പ്രതിസന്ധിക്ക് കാരണമായതെന്ന് ആക്ഷേപമുണ്ട്.

വലിയ ക്യൂവാണ് ഇന്നലെ അതിരാവിലെ മുതല്‍ വെള്ളത്തിനായി മെഡിക്കല്‍ കോളേജില്‍ അനുഭവപ്പെട്ടത്. ടാങ്കര്‍ ലോറിയില്‍ വരുന്ന വെള്ളം ഉടനെ തന്നെ തീര്‍ന്നു. പിന്നീട് ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് ലോറി വരുന്നത്. വാര്‍ഡില്‍ രോഗിക്കൊപ്പം ഒരാളെ മാത്രമാണ് കൂട്ടിരിപ്പിന് അനുവദിക്കുന്നത്. അതിനാല്‍ നടക്കാന്‍ പറ്റുന്ന രോഗികള്‍ വരെ വെള്ളത്തിനായി വന്നു കാത്തു നിന്നു.

Tags: