മന്ത്രി എ കെ ശശീന്ദ്രനെ ന്യായീകരിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ സ്ത്രീകളോടുള്ള വെല്ലുവിളി: ജബീന ഇര്‍ഷാദ്

Update: 2021-07-23 15:40 GMT

കോഴിക്കോട്: മന്ത്രി എ കെ ശശീന്ദ്രനെ ന്യായീകരിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ സ്ത്രീകളോടുള്ള വെല്ലുവിളിയാണെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് കുറ്റപ്പെടുത്തി.

എന്‍സിപി നേതാവിനെതിരെയുള്ള സ്ത്രീ പീഡനക്കേസാണ് മന്ത്രി എ കെ ശശീന്ദ്രന്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചത്.

മുഖ്യമന്ത്രി സ്ത്രീ സുരക്ഷക്ക് പ്രാധാന്യം കല്‍പിക്കുന്നുണ്ടെങ്കില്‍ ശശീന്ദ്രനെ കൊണ്ട് രാജിവെപ്പിക്കുകയോ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയോ ചെയ്യണം, സംരക്ഷിക്കുകയല്ല വേണ്ടത്.

സ്ത്രീ സുരക്ഷയെ കുറിച്ച പ്രഖ്യാപനങ്ങളല്ല കൃത്യമായ നടപടികളാണ് കേരളത്തിലെ സ്ത്രീകള്‍ക്കാവശ്യം. മന്ത്രിമാരും പോലിസുദ്യോഗസ്ഥരുമൊക്കെ കേസ് ഒതുക്കിത്തീര്‍ക്കാനും പ്രതികളെ സംരക്ഷിക്കാനും ശ്രമിക്കുന്നത് സ്ത്രീ പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരാനൊരു കാരണമാണ്.

കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്ന സര്‍ക്കാര്‍ നിലപാടും വ്യാപകമായി വിമര്‍ശിക്കപ്പെട്ടതാണ്. സ്ത്രീ സുരക്ഷ കാറ്റില്‍ പറത്തുന്ന സര്‍ക്കാര്‍ നിലപാടിനെതിരേ ജനകീയ പ്രതിഷേധത്തിന് വിമന്‍ ജസ്റ്റിസ് നേതൃത്വം നല്‍കും. അവര്‍ കൂട്ടിച്ചേര്‍ത്തു. 

Similar News