ബീഹാറില്‍ നിന്നെത്തിയ 21 കുട്ടികളെ ജന്മനാട്ടില്‍ തിരിച്ചെത്തിച്ച് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി

Update: 2026-02-26 12:14 GMT


കോഴിക്കോട്: ബീഹാറില്‍ നിന്ന് കേരളത്തില്‍ എത്തിയ കുട്ടികളെ സ്വന്തം നാട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തിച്ച് കോഴിക്കോട് ജില്ലയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. മതിയായ രേഖകളില്ലാതെ ബീഹാറിലെ കിഷന്‍ ഗഞ്ച് ജില്ലയില്‍ നിന്ന് കേരളത്തിലെത്തിയ എട്ടിനും 14നും ഇടയില്‍ പ്രായമുള്ള 21 ആണ്‍ കുട്ടികളെയാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സമയോചിതമായ ഇടപെടലിലൂടെ ജന്മനാട്ടില്‍ തിരിച്ചെത്തിക്കാനായത്.

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വിവേക് എക്സ്പ്രസില്‍ ബീഹാര്‍ സ്വദേശികളായ രണ്ട് മുതിര്‍ന്നവര്‍ക്കൊപ്പമാണ് കുട്ടികള്‍ എത്തിയത്. ഇവരുടെ കൈവശം കുട്ടികളുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളോ തിരിച്ചറിയല്‍ രേഖകളോ ഇല്ലാതിരുന്നത് സംശയത്തിന് ഇടയാക്കി. കുട്ടികളെ കോഴിക്കോട്ടുള്ള ഒരു സ്ഥാപനത്തിലേക്ക് കൊണ്ടു വരികയാണെന്ന വിവരം ഇവരില്‍ നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിഷയം കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പരിഗണനയിലേക്ക് അയച്ചത്.

തുടര്‍ന്ന് കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമില്‍ പ്രവേശിപ്പിച്ച് കൗണ്‍സിലിങ്ങും ആവശ്യമായ മറ്റു സേവനങ്ങളും നല്‍കി. സിഡബ്ലിസിയുടെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബീഹാറിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസുമായി ബന്ധപ്പെട്ടു. കിഷന്‍ഗഞ്ച് ജില്ലയുടെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അധികൃതര്‍ കുട്ടികളുടെ വീടുകളില്‍ അന്വേഷണം നടത്തി സാമൂഹ്യ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് ബീഹാറില്‍ നിന്ന് കുട്ടികളുടെ ബന്ധുക്കള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ എത്തി. ഇവര്‍ ഹാജരാക്കിയ കൃത്യമായ രേഖകള്‍ പരിശോധിച്ചാണ് കുട്ടികളെ ബന്ധുക്കള്‍ക്കൊപ്പം തിരികെ നാട്ടില്‍ കൊണ്ടു പോകാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഷിജി എ റഹ്‌മാന്‍ ചെയര്‍പേഴ്സണായും അഷ്‌റഫ് കാവില്‍, ഡോ. നൂര്‍ജഹാന്‍, കെ ബി സ്മിത, വി ബി അഖില്‍ എന്നിവര്‍ അംഗങ്ങളായും പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് കുട്ടികളെ സ്വദേശത്ത് എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്.

Tags: