വനിതാ അംഗത്തിനെതിരെ കയ്യേറ്റ ശ്രമം; ഏലംകുളം പഞ്ചായത്ത് യോഗം ഇടതുപക്ഷ മെമ്പര്‍മാര്‍ ബഹിഷ്‌കരിച്ചു

Update: 2021-07-17 04:23 GMT

പെരിന്തല്‍മണ്ണ: വനിതാ അംഗത്തിനെതിരെ കയ്യേറ്റ ശ്രമം ഏലംകുളം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ഇടതുപക്ഷ മെമ്പര്‍മാര്‍ ബഹിഷ്‌കരിച്ചു.

ഏലംകുളം ഗ്രാമപഞ്ചായത്ത് അലിഗഡ് ഓഫ് കാംപസില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലറി കെയര്‍ സെന്ററില്‍ (ഡിസിസി) കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ള പത്താം വാര്‍ഡ് മെമ്പറും പട്ടികജാതി സംവരണ വിഭാഗത്തില്‍ മത്സരിച്ച് വിജയിച്ച് വന്ന സ്വപ്ന സുബ്രഹ്മണ്യനെ ആര്‍ആര്‍ടി വളണ്ടിയറായ യൂത്ത് കോണ്‍ഗ്രസുകാരന്‍ കെയര്‍ സെന്ററില്‍ വെച്ച് അവഹേളിക്കുകയും, അപമാനിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. കെയര്‍ സെന്ററില്‍ കഴിയുന്ന രോഗികള്‍ക്ക് ചൂടുവെള്ളം നല്‍കാത്തത് സംബന്ധിച്ച് ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചതിനെ തുടര്‍ന്നാണ് മെമ്പര്‍ക്കെതിരെ ഭീഷണി മുഴക്കിയത്. വാര്‍ഡ് മെമ്പറെ ഭീഷണിപ്പെടുത്തിയതില്‍ പ്രതിഷേധിച്ചും, എഒഇ യില്‍ നടക്കുന്ന വാക്‌സീന്‍ വിതരണത്തില്‍ കോണ്‍ഗ്രസുകാരായ ചില ഭരണ സമിതി അംഗങ്ങള്‍ സ്വന്തക്കാരെയും, ബന്ധുക്കളെയും അനധികൃതമായി കുത്തിക്കയറ്റി വാക്‌സീന്‍ നല്‍കുന്നതിനെതിരെയും, വാക്‌സീന്‍ വിതരണത്തിലെ അപാകത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, മെമ്പറെ ഭീഷണിപ്പെടുത്തിയ ആര്‍ആര്‍ടി വളണ്ടിയറെ തത്സ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇടതുപക്ഷ അംഗങ്ങള്‍ ഭരണ സമിതി യോഗം ബഹിഷ്‌കരിക്കുകയും വാക്കൗട്ട് നടത്തുകയും ചെയ്തു. പ്രതിഷേധയോഗം വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ മനോജ് എം ആര്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ അനിത പള്ളത്ത്, മെമ്പര്‍മാരായ സുധീര്‍ ബാബു, സമദ് താമരശ്ശേരി, വിജയലക്ഷ്മി പതിനാലാം വാര്‍ഡ് മെമ്പര്‍ സി. സാവിത്രി എന്നിവര്‍ സംസാരിച്ചു.

Similar News