കുന്നംകുളത്തെ ഹൈടെക് പോലിസ് സ്‌റ്റേഷന്‍ നിര്‍മാണം ദ്രുതഗതിയില്‍

Update: 2021-07-15 09:03 GMT

തൃശൂര്‍: സംസ്ഥാനത്താദ്യമായി എംഎല്‍എ ഫണ്ടില്‍ നിര്‍മിക്കുന്ന കുന്നംകുളത്തെ ഹൈടെക് പോലിസ് സ്‌റ്റേഷന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍. മൂന്ന് നിലകളിലായാണ് പുതിയ പോലിസ് സ്‌റ്റേഷന്‍ നിര്‍മിക്കുന്നത്.ഇതിന്റെ ഒന്നാം നിലയുടെ നിര്‍മാണം പൂര്‍ത്തിയായി. ആറു മാസത്തിനുള്ളില്‍ മുഴുവന്‍ നിര്‍മാണവും പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ.

സ്ഥലം എംഎല്‍എ എ സി മൊയ്തീന്‍ തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രിയായിരിക്കെയാണ് 2020ല്‍ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഇതിനായി ഒന്നര കോടി രൂപ അനുവദിച്ചത്. പണി പൂര്‍ത്തീകരിച്ചാല്‍ ആധുനിക സൗകര്യങ്ങളോടെയുള്ള സംസ്ഥാനത്തെ മികച്ച പോലിസ് സ്‌റ്റേഷനായി കുന്നംകുളം പോലിസ് സ്‌റ്റേഷന്‍ മാറുമെന്നതാണ് പ്രത്യേകത.

തൃശൂര്‍ റോഡിലുള്ള പഴയ പോലിസ് സ്‌റ്റേഷന്‍ പൊളിച്ചാണ് കഴിഞ്ഞ സെപ്റ്റംബറില്‍പുതിയ ഹൈടെക് പൊലീസ് സ്‌റ്റേഷന് തറക്കല്ലിട്ടത്. തുടര്‍ന്ന് വേഗത്തില്‍ തന്നെ പണി ആരംഭിക്കുകയായിരുന്നു.

എയര്‍ കണ്ടീഷന്‍, ലിഫ്റ്റ്, ടി വി ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, സന്ദര്‍ശക മുറി, വാഹന പാര്‍ക്കിങ്, ഗാര്‍ഡന്‍, കവാടം മുതലായ സൗകര്യങ്ങളോടെയാണ് പുതിയ പൊലീസ് സ്‌റ്റേഷന്‍ നിര്‍മിക്കുന്നത്. ജില്ലയിലെ വലിയ പൊലീസ് സ്‌റ്റേഷനുകളിലൊന്നായ ഈ സ്‌റ്റേഷനില്‍ മൂന്നു നിലകളിലും കാര്യക്ഷമമായ പ്രവര്‍ത്തനം സജ്ജമാക്കുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് എ സി മൊയ്തീന്‍ എം എല്‍ എ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ടെത്തി വിലയിരുത്തി. ഉദ്യോഗസ്ഥരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തിരുന്നു.

പോലീസ് സ്‌റ്റേഷന്റെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി എംഎല്‍എ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ കൂടി അനുവദിക്കാനുള്ള ശ്രമത്തിലാണ് എം എല്‍ എ. ഇതിന്റെഭരണാനുമതിക്കായി കത്ത് നല്‍കിയതായും എം എല്‍ എ അറിയിച്ചു.

10,500 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ഹൈടെക് പൊലീസ് സ്‌റ്റേഷന്‍ നിര്‍മിക്കുന്നത്. വടകര ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. ജില്ലാ പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗത്തിനാണ് നിര്‍മാണ പ്രവൃത്തിയുടെ മേല്‍നോട്ടം നല്‍കിയിരിക്കുന്നത്.

കുന്നംകുളം നഗരസഭ എന്‍ജിനീയറിങ് വിഭാഗമാണ് രൂപരേഖ തയ്യാറാക്കിയതും പ്രവര്‍ത്തനങ്ങളില്‍ മുഖ്യ സഹായം നല്‍കുന്നതും.തൃശൂര്‍ റോഡിലെ പൊലീസ് സ്‌റ്റേഷന്‍ പൊളിക്കല്‍ നടപടികള്‍ക്കായി അടച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ റോഡിലെ താല്‍കാലിക കെട്ടിടത്തിലാണ് ഇപ്പോള്‍ പൊലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. പൊലീസ് സ്‌റ്റേഷന്‍ വാടക കെട്ടിടത്തിലേക്ക് മാറ്റിയതോടെ പരാതികള്‍ സ്വീകരിക്കലും എഫ് ഐ ആര്‍ രജിസ്‌ട്രേഷനുമെല്ലാം വളരെ നല്ല രീതിയില്‍ തന്നെ നടത്താനാകുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്.

Similar News