ഇറച്ചി കോഴിക്ക് മലപ്പുറം ജില്ലയിൽ കൊള്ളലാഭം: പലതരത്തിൽ വില ഈടാക്കുന്നതായി പരാതി

Update: 2021-06-11 17:59 GMT


പരപ്പനങ്ങാടി: ജില്ലയിൽ ഇറച്ചി കോഴിക്ക് പലതരത്തിൽ വില ഈടാക്കുന്നതിൽ ഉപഭോക്താക്കളിൽ അമർഷം പുകയുന്നു. ലോക് ഡൗണിൻ്റെ മറവിൽ കച്ചവടക്കാർ കൊള്ള ലാഭം കൊയ്യുന്നതായാണ് ആക്ഷേപം. ജില്ലയിൽ വിവിധ ടൗണുകയിൽ തന്നെ അടുത്തടുത്ത കടകളിൽ പോലും രണ്ട് തരം വിലയാണ്. പലയിടത്തും അമ്പത് രൂപ വരെ കിലോഗ്രാമിന് വിലയിൽ വ്യത്യാസം കാണുന്നുണ്ട്.

പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ കോഴിക്കടകളിൽ ഒരിടത്ത് 90 രൂപ ഈടാക്കുമ്പോൾ, മറ്റൊരു കടയിൽ ഒരു കിലോ കോഴി വില 130 രൂപയാണ്. പരപ്പനങ്ങാടി എത്തുമ്പോൾ വില 120 മുതൽ 130 രൂപ വരെയാണ്. മൂന്നിയൂർ ചുഴലിയിൽ ഇന്നലെ കിലോക്ക് 90 രൂപയായിരുന്നു. എന്നാൽ തൊട്ടടുത്ത പാലത്തിങ്ങലിൽ 130 രൂപക്കാണ് വിറ്റത്.

വ്യാപാരികൾ തോന്നിയ വില ഈടാക്കുമ്പോൾ കൃത്യമായ വിലയെന്തെന്ന് ഉപഭോക്താക്കൾക്ക് അറിയുകയുമില്ല. കടകളിൽ പ്രദർശിപ്പിച്ചിട്ടുള്ള വില വിവരപ്പട്ടികയിൽ പല കടകളിലും പല വിലകളാണ്. ഓരോ ദിവസവും മാറി മറിയുന്നതു മൂലം ആരും തർക്കിക്കാനും നിൽക്കാറില്ല.

കോഴിക്കടകളിലെ പിടിച്ചുപറി സംബന്ധിച്ച പരാതി വ്യാപകമായിട്ടും അധികൃതരും

കണ്ണടക്കുന്നതായും പരാതിയുണ്ട്.

ഇറച്ചിക്കോഴി വിലയിൽ ഏകീകരണം ഉണ്ടാക്കണം.

കൊവിഡിന്റെ പേരിൽ ജനങ്ങൾ ഏറെ പ്രയാസപ്പെടുമ്പോഴാണ് വ്യാപാരികൾ അവർക്കിഷ്ടമുള്ള വില ഈടാക്കുന്നത്.

ബീഫ് വിലയിലും സമാനമായി തോന്നിയ വില ഈടാക്കുന്നുണ്ട്. ഇന്നലെ താനൂരിൽ ബീഫിന് കിലോക്ക് 260 രൂപയായിരുന്നു. എന്നാൽ പരപ്പനങ്ങാടി ഭാഗങ്ങളിൽ 300 രൂപക്കാണ് വിൽക്കുന്നത്.

Similar News