പാലക്കാട് വംശീയ കൊല: പാലക്കാട് കലക്ടര്‍ക്കും എസ്പിക്കും നോട്ടിസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
പാലക്കാട്: വാളയാറില്‍ ബംഗ്ലാദേശിയെന്നാരോപിച്ച് ഛത്തീസ്ഗഡ് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ രേഖകള്‍ തേടി പാലക്കാട് കലക്ടര്‍ക്കും എസ്പിക്കും നേരിട്ട് നോട്ടിസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. എഫ്‌ഐആര്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, അറസ്റ്റ് മെമ്മോ, മൃതദേഹം വിട്ടുനല്‍കിയ രേഖ എന്നിവ ഹാജരാക്കണം. ചീഫ് സെക്രട്ടറി ആക്ഷന്‍ ടേക്കന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും ആറാഴ്ചക്കുള്ളില്‍ രേഖകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.
ഡിസംബര്‍ 17നാണ് ഛത്തീസ്ഗഢ് സ്വദേശിയായ റാം നാരായണ്‍ ഭയ്യ എന്ന 31കാരനെ മണിക്കൂറുകളോളം തടഞ്ഞുവച്ച് ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘം മര്‍ദിച്ച് കൊലപ്പെടുത്തിയത്. മോഷ്ടാവാണെന്ന് ആരോപിച്ചാണ് പ്രതികള്‍ റാം നാരായണിനെ തടഞ്ഞു വച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ശരീരമാകെ ഗുരുതര പരിക്കുകള്‍ ഉണ്ടായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ആക്രമണത്തില്‍ വടികള്‍ പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചതായും, തല ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മര്‍ദനം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസില്‍ ആറാം പ്രതി ഒഴികെയുള്ള എട്ടുപേര്‍ക്ക് മണ്ണാര്‍ക്കാട് എസ്‌സി,എസ്ടി ജില്ലാ പ്രത്യേക കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പാലക്കാട് കലക്ടറേറ്റിന് മുന്നില്‍ റാം നാരായണന്റെ കുടുംബം പ്രതിഷേധിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ മണ്ണാര്‍ക്കാട് എസ്‌സി/എസ്ടി കോടതി വിധിക്ക് എതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിരുന്നു.
